സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ആരംഭിച്ചിട്ട് 10 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന വിമർശനം ശക്തമാകുന്നു. ലഹരി മാഫിയകളെ അമർച്ച ചെയ്യുന്നതിൽ പൊലീസ് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
രാസലഹരി ഉൾപ്പെടെയുള്ളവയുടെ വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണെങ്കിലും ശക്തമായ റെയ്ഡുകളോ നിയമനടപടികളോ ഉണ്ടാകുന്നില്ല. ഓപ്പറേഷൻ തൂഫാൻ കാലയളവിൽ ജില്ലയിലെ റൂറൽ, സിറ്റി പൊലീസ് പരിധികളിലായി ഏകദേശം 400 കേസുകൾ റജിസ്റ്റർ ചെയ്യുകയും അത്രയും തന്നെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഈ നടപടികൾ മുൻപും പതിവായി നടന്നിരുന്നതാണെന്നും ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി പ്രത്യേകമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. കൊല്ലം റൂറൽ പരിധിയിൽ 10 ദിവസത്തിനിടെ 177 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും പിടിച്ചെടുത്തത് വെറും 428 ഗ്രാം കഞ്ചാവും 16 കഞ്ചാവ് ചെടികളുമാണ്.
ചെറിയ അളവിൽ കഞ്ചാവ് കൈവശം വെച്ച കേസുകളാണ് ഇതിൽ ഭൂരിഭാഗവും. സിറ്റി പരിധിയിലെ സ്ഥിതിയും സമാനമാണ്.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും അതിഥിത്തൊഴിലാളികളാണ്. എന്നാൽ, ഇവർക്ക് ലഹരി ഉൽപ്പന്നങ്ങളും പാൻ മസാലയും ലഭ്യമാക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.
ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള ലഹരി കടത്ത് തടയുന്നതിൽ പൊലീസ് പരാജയമാണെന്ന് വ്യക്തമാണ്. ട്രെയിൻ ബോഗികളുടെ ഭാഗങ്ങൾ പൊളിച്ച് ലഹരി വസ്തുക്കൾ ഒളിപ്പിച്ച് കടത്തുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിട്ടും, സ്റ്റേഷനുകളിലോ ട്രെയിനുകളിലോ കാര്യക്ഷമമായ പരിശോധന നടത്തുന്നില്ല.
കൂടാതെ, ബൈക്കുകളിൽ ലഹരി വസ്തുക്കളുമായി സഞ്ചരിക്കുന്നവരെ കണ്ടെത്താനോ, സംശയകരമായ വാഹനങ്ങൾ പരിശോധിക്കാനോ നടപടികളില്ല. സംസ്ഥാനാന്തര സ്വകാര്യ ബസുകളിലും ട്രെയിനുകളിലുമാണ് എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ ജില്ലയിൽ എത്തുന്നത്.
ലഹരി മാഫിയകൾ ജനത്തിരക്കില്ലാത്ത ഇടങ്ങളിൽ ‘ഡ്രോപ് പോയിന്റുകൾ’ നിർമ്മിച്ച് ലഹരി ഒളിപ്പിക്കുന്നതായി പൊലീസ് തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, അവ കണ്ടെത്തി നശിപ്പിക്കാൻ യാതൊരു ശ്രമവും നടക്കുന്നില്ല. ലഹരി മാഫിയകളെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനിപ്പറയുന്ന രീതിയിൽ കൈമാറാവുന്നതാണ്:
കേരള പൊലീസിന്റെ പോൾ (POL APP) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, അതിലെ ‘ഷെയർ ഇൻഫർമേഷൻ അനോനിമെസ്ലി’ എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങൾ രഹസ്യമായി കൈമാറാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

