റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഫിൻലൻഡിൽ നടന്ന പാനൽ ചർച്ചയിലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. രാജ്യത്തിന്റെ ഊർജ സുരക്ഷയും വിപണിയിലെ വിലയും പരിഗണിച്ചാണ് റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതെന്ന് ജയശങ്കർ വിശദീകരിച്ചു.
‘‘മിഡിൽ ഈസ്റ്റിൽ നിന്നാണ് ഞങ്ങൾ എണ്ണ വാങ്ങിയിരുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യൂറോപ്പ് റഷ്യയ്ക്കുമേൽ ഉപരോധം കൊണ്ടുവന്നു.
അതേ യൂറോപ്പുകാർ കൂട്ടത്തോടെ മിഡിൽ-ഈസ്റ്റ് എണ്ണ വാങ്ങാൻ തുടങ്ങി. ഇതോടെ ഇന്ത്യയ്ക്ക് എണ്ണ കിട്ടുന്നത് കുറഞ്ഞു.
ആ സാഹചര്യമാണ് ഇന്ത്യയെ മാറിചിന്തിപ്പിച്ചത്’’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ വിമർശിക്കുന്നതിന് മുൻപ് പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം നിലപാടുകൾ പരിശോധിക്കണമെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു.
‘‘ഇന്ത്യയെ ആക്രമിക്കുന്നവർക്ക് ആയുധം നൽകുന്നവരായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ, ഇന്ത്യ യൂറോപ്പിന് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല.
അക്കാര്യം മനസ്സിൽ വച്ചോ’’ എന്ന് അദ്ദേഹം തുറന്നടിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ ശേഷവും, രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ വിലസ്ഥിരത ഉറപ്പാക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കാര്യം ജയശങ്കർ സദസ്സിനെ ഓർമ്മിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ഊർജ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ഈ ബന്ധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയുടെ നിലപാടിന് ഫിൻലൻഡിന്റെ പിന്തുണയും ലഭിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലപരിധി (Price Cap) ആരും റഷ്യൻ എണ്ണ വാങ്ങരുത് എന്ന അർത്ഥത്തിലല്ലെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും, റഷ്യ അമിത ലാഭം കൊയ്യുന്നത് തടയുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വിദേശനയം രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണെന്ന് ഈ പിന്തുണയിലൂടെ വ്യക്തമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

