കൊച്ചി: വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻ്റിലുള്ള ചന്ദർ കുഞ്ജ് ആർമി അപ്പാർട്ട്മെൻ്റ്സിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കുന്ന നടപടികൾക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടി. ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികൾ കോടതി അംഗീകരിച്ചു.
നിലവിൽ ഈ ടവറുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ സ്റ്റേയും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെണ്ടർ നടപടികളെ ചോദ്യം ചെയ്ത് പി കെ യൂണിക്ക് കമ്പനി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ഏറ്റവും കുറഞ്ഞ ബിഡ് സമർപ്പിച്ചിട്ടും തങ്ങളെ തഴഞ്ഞ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫെയ്സ് എഞ്ചിനീയറിംഗിന് കരാർ നൽകിയെന്നായിരുന്നു കമ്പനിയുടെ ആരോപണം. എന്നാൽ, മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച പരിചയസമ്പത്തും സാങ്കേതിക മികവും പരിഗണിക്കുമ്പോൾ എഡിഫെയ്സ് ആണ് കൂടുതൽ യോഗ്യതയുള്ളതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കെട്ടിടങ്ങളുടെ അവസ്ഥ:
26 നിലകളുള്ള ബി, സി ടവറുകൾ സുരക്ഷിതമല്ലെന്ന് വിവിധ സാങ്കേതിക സമിതികളും വിദഗ്ധ ഏജൻസികളും നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
കെട്ടിടങ്ങൾക്ക് ഗുരുതരമായ ഘടനാപരമായ തകരാറുകൾ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇവ പൊളിച്ചുമാറ്റി പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. അടുത്ത നടപടികൾ:
ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ, കരാർ ഒപ്പിടുന്നതിനായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എഡബ്ല്യുഎച്ച്ഒ) ഒരാഴ്ചത്തെ സമയം അനുവദിച്ചു.
കാലതാമസം ഒഴിവാക്കി പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ എഡബ്ല്യുഎച്ച്ഒയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
അല്ലാത്തപക്ഷം, പൊളിക്കൽ ചെലവ് ജിഎസ്ടി സഹിതം മുൻകൂറായി അടയ്ക്കാൻ എഡബ്ല്യുഎച്ച്ഒ നിർബന്ധിതരാകും. അങ്ങനെയെങ്കിൽ ജില്ലാ ഭരണകൂടം നേരിട്ട് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകും.
ഇതിനിടെ, രേഖകളുടെ അപര്യാപ്തത മൂലം വാടക ലഭിക്കാത്ത 24 ഉടമകളുടെ പരാതികൾ പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിൻ്റെ നേതൃത്വത്തിൽ ജൂൺ 15-ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

