ചെങ്ങന്നൂർ ചെറിയനാട് പതിനഞ്ചാം വാർഡിലെ അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും അരങ്ങേറി. ബുധനാഴ്ച രാത്രി 11.30-നും 12.30-നും ഇടയിലാണ് സംഭവം.
കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരനായ തോമസ് വാടകയ്ക്ക് താമസിക്കുന്ന വീട്, മാമ്പള്ളിതെക്കേതിൽ സോമനാഥക്കുറുപ്പ്, എ.
സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. സംഭവത്തിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കുടയും നഷ്ടമായി.
കരാറുകാരൻ തോമസിന്റെ വീടിന്റെ ജനലിലൂടെ വാതിലിന്റെ കുറ്റി നീക്കി അകത്തുകടന്ന മോഷ്ടാവ്, തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവൻ സ്വർണ മോതിരവും കവർന്നു. സുമേഷിന്റെ വീടിന്റെ കാർപോർച്ചിൽ വെച്ചിരുന്ന മഴക്കോട്ടും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.
മറ്റ് രണ്ട് വീടുകളിൽ മോഷണശ്രമം മാത്രമാണ് നടന്നത്. സിസിടിവി പരിശോധന
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മുഖം മറച്ച നിലയിലുള്ള പ്രതി, നഗ്നനായും അടിവസ്ത്രം മാത്രം ധരിച്ചുമാണ് മോഷണത്തിനെത്തിയത്. മതിൽ ചാടിക്കടക്കുന്നതും തിരികെ പോകുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടിച്ച ബൈക്ക് കോട്ടയം വഴി കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷവും ഇതേ മേഖലയിൽ സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു.
അന്ന് സിസിടിവി ദൃശ്യങ്ങളിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ട സംഘത്തെയാണ് കണ്ടതെന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

