സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ സാധിക്കും.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 15 മുതൽ ജൂൺ 17-ന് വൈകിട്ട് അഞ്ചുമണി വരെ പ്രവേശനം നേടാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ https://www.hscap.kerala.gov.in സന്ദർശിച്ച് ‘Candidate Login-SWS’ വഴി ലോഗിൻ ചെയ്ത് ‘First Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാകും.
അലോട്ട്മെന്റ് ലഭിക്കുന്നവർ രക്ഷിതാവിനോടൊപ്പം നേരിട്ട് സ്കൂളിൽ ഹാജരായി പ്രവേശനം പൂർത്തിയാക്കണം. മെയ് 25-ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ കരുതേണ്ടതാണ്.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ സ്കൂൾ അധികൃതർ തന്നെ പ്രിന്റ് എടുത്ത് നൽകും. ശ്രദ്ധിക്കേണ്ട
നിർദ്ദേശങ്ങൾ:
ആദ്യ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലികമായോ സ്ഥിരമായോ പ്രവേശനം നേടാനുള്ള അവസരമുണ്ട്.
താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസടയ്ക്കേണ്ടതില്ല. ഇവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാനും അവസരമുണ്ടാകും.
താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. മറ്റ് വിവരങ്ങൾ:
അപേക്ഷകർക്ക് തങ്ങൾ അപേക്ഷിച്ച സ്കൂളുകളിലെ കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്.
ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത ഘട്ടങ്ങൾക്കായി കാത്തിരിക്കുക. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും, തെറ്റായ വിവരങ്ങൾ നൽകിയതുകൊണ്ട് അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർക്കും മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മോഡൽ റെസിഡൻഷ്യൽ സ്കൂൾ (MRS) പ്രവേശനത്തിനുള്ള ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. ‘Candidate Login-MRS’ വഴി വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാം.
എസ്.എസ്.എൽ.സി പുനഃപരിശോധനാ ഫലവും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

