മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ശൈലിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മഹേഷ് നാരായണന്. പ്രേക്ഷകരുടെ സജീവ പങ്കാളിത്തം ആവശ്യപ്പെടുന്നതും കാഴ്ചാനുഭവത്തിന് അപ്പുറം ആഴത്തിലുള്ളതുമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്.
തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച സംവിധായകന്, ഒടുവിലായി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
സച്ചിന്: എ ബില്യണ്‍ ഡ്രീംസ് എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവായ രവി ഭാഗ്ചന്ദ്ക ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2025 ഒക്ടോബറില്‍ പ്രഖ്യാപിക്കപ്പെട്ട
ചിത്രത്തിന് ബോംബെ ഹൈ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട
ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നാല് മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കി കാസ്റ്റിംഗ് നടപടികളിലേക്ക് കടക്കുമെന്നും രവി ഭാഗ്ചന്ദ്ക വ്യക്തമാക്കി. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബോംബെ ഹൈ എന്ന് പേര് സൂചിപ്പിക്കുന്നത് പോലെ, 2005-ല്‍ മുംബൈ തീരത്തുനിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡിലുണ്ടായ അപകടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഔദ്യോഗിക കണക്കുകൾ പ്രകാരം കുറഞ്ഞത് 22 പേരുടെ ജീവന് നഷ്ടപ്പെട്ട
ഈ സംഭവം ഒരു ഡിസാസ്റ്റര്‍ ഡ്രാമ എന്ന നിലയിലാണ് അണിയറപ്രവർത്തകര്‍ ഒരുക്കുന്നത്. കരണ്‍ പരംജീത് ശര്‍മ്മ ആണ് ചിത്രത്തിന്റെ സ്റ്റോറി കോണ്‍സെപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
സംവിധായകന് മഹേഷ് നാരായണന്റെ ‘മാലിക്’ എന്ന ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും ആ സിനിമ കണ്ടതിന് ശേഷമാണ് അദ്ദേഹത്തെ ഈ പ്രോജക്റ്റിലേക്ക് സമീപിച്ചതെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു. വന്‍ ദുരന്തമായി മാറിയ ഈ സംഭവം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും, അതില്‍ ഉള്‍പ്പെട്ട
വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ ഇനിയും വെള്ളിത്തിരയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടില്ലെന്നതാണ് ഈ ചിത്രത്തിന് പ്രേരണയായത്. അതേസമയം, മഹേഷ് നാരായണന്റെ ബോളിവുഡ് അരങ്ങേറ്റമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ‘ഫാന്റം ഹോസ്പിറ്റല്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

