തൃശൂർ പൂങ്കുന്നം എംജി നഗർ പ്രദേശത്ത് പെരുമ്പാമ്പ് ശല്യം രൂക്ഷമായതോടെ ഒരു കുടുംബം ആശങ്കയിൽ. ശ്രീകൃഷ്ണനിലയം വീട്ടിലെ ബി.
കാർത്തിക്കും കുടുംബവുമാണ് കഴിഞ്ഞ മൂന്നുദിവസമായി ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുന്നത്. രണ്ടുദിവസം മുൻപ് വീടിന്റെ ഗേറ്റിന് സമീപം കണ്ട
പാമ്പിൻകുഞ്ഞിനെ അണലിയാണെന്ന് തെറ്റിദ്ധരിച്ച് ഓടിച്ചുവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ, വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുറ്റത്ത് പലയിടങ്ങളിലായി പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും സ്കൂട്ടറിലും വരെ പാമ്പിൻകുഞ്ഞുങ്ങൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. ഇന്നലെ വൈകിട്ടുവരെയായി ആകെ 19 പെരുമ്പാമ്പ് കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്ന് പിടികൂടിയത്.
വീട്ടുമുറ്റത്തെ മരത്തിന് ചുറ്റും നിർമ്മിച്ച തറയുടെ വിടവുകളിൽ നിന്നാണ് ഇവ പുറത്തുവരുന്നതെന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വ്യക്തമായി. വനംവകുപ്പ് നിയോഗിച്ച പാമ്പുപിടുത്ത വിദഗ്ധർ മൂന്നുദിവസങ്ങളിലായി സ്ഥലത്തെത്തി പലതവണകളായി പാമ്പുകളെ പിടികൂടി.
ഇതിനിടെ രണ്ട് പാമ്പുകൾ സമീപത്തെ തോട്ടിലേക്ക് ഇഴഞ്ഞുപോവുകയും ചെയ്തു. ദ്രവിച്ച മരക്കുറ്റികൾക്കിടയിലാണ് പാമ്പ് മുട്ടയിട്ടതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏകദേശം 30 മുതൽ 60 വരെ പാമ്പിൻകുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. “ഈ പരിസരത്ത് മുൻപ് ഇത്തരം പാമ്പുകളെ കണ്ടിട്ടില്ലെന്നാണ് കാർത്തിക് പറയുന്നത്.” സമീപത്തുകൂടി ഒഴുകുന്ന തോടുവഴിയാണ് പാമ്പുകൾ എത്തിയതെന്നാണ് നിഗമനം.
മരത്തറ പൊളിച്ചുമാറ്റി പരിശോധന തുടരാനാണ് നിലവിലെ തീരുമാനം. എന്നാൽ വീടിന്റെ തറയോട് ചേർന്ന് നിൽക്കുന്ന നിർമ്മിതിയായതിനാൽ, ഇത് പൊളിക്കുമ്പോൾ വീടിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.
ബി. കാർത്തിക്കിനെ കൂടാതെ ഭാര്യ ഹരിത, എട്ടു വയസ്സുകാരി മകൾ ഹൃതിക, അമ്മ സുലോചന, സഹോദരൻ ശരത് എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

