പാലക്കാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 111 ദിവസത്തിനുള്ളിൽ 111 പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ രമേഷ് പിഷാരടി എംഎൽഎയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുൻ ജനപ്രതിനിധികൾ ആരംഭിച്ചതും പുതുതായി ആസൂത്രണം ചെയ്യുന്നതും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമായ പദ്ധതികൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കുമെന്ന് രമേഷ് പിഷാരടി എംഎൽഎ വ്യക്തമാക്കി.
വി.കെ.ശ്രീകണ്ഠൻ എംപിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന ജനകീയ ഓഫീസായി ഇത് പ്രവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം.ഇസ്മായിൽ, വൈസ് പ്രസിഡന്റ് സഫിയ അബുതാഹിർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, സെക്രട്ടറിമാരായ പി.വി.രാജേഷ്, പി.ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. മെട്രോനഗറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം
എംഎൽഎ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ പിരായിരി മെട്രോ നഗറിലെ കുടിവെള്ള വിതരണത്തിനായി അനുവദിച്ചു.
വർഷങ്ങളായി പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രദേശവാസികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് വി.കെ.ശ്രീകണ്ഠൻ എംപി നേരിട്ടെത്തി ചർച്ചകൾ നടത്തിയിരുന്നു.
നിലവിൽ പൈപ്പ് ലൈനുകൾ ഉണ്ടെങ്കിലും ജലലഭ്യത ഉറപ്പാക്കുന്നതിൽ പദ്ധതികൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി.
പിരായിരി പഞ്ചായത്ത് നിർമിച്ച കുഴൽക്കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. പ്രധാന വികസന കർമപദ്ധതികൾ
111 പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട
തുടർപ്രവൃത്തികൾ
ടൗൺ സിറ്റി ബസ് സർവീസ്
ഗവ.മെഡിക്കൽ കോളജിലെ തുടർനടപടികൾ
കണ്ണാടി, പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണം
കണ്ണനൂർ– ചുങ്കമന്ദം റോഡ് നവീകരണം
ഗവ.മോയൻ ഗേൾസ് എച്ച്എസ്എസ് ഡിജിറ്റൈസേഷൻ
എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്ക് അവാർഡ്
ജില്ലാ ആശുപത്രിയിലും ജില്ലാ വനിതാ ശിശു ആശുപത്രിയിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
ജനസമ്പർക്ക പരിപാടികളും പരാതി പരിഹാര സംവിധാനവും
ഓഫീസ് വിലാസം
പാലക്കാട് – ചിറ്റൂർ റോഡിൽ മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിന്റെ തുടക്കത്തിലാണ് എംഎൽഎ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

