മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ മർദനം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്ന് പ്രതികളുടെ മൊഴി. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിലാണ് മുൻ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യം ചെയ്യലിന് ഹാജരായ മുൻ ഗൺമാൻ എസ്.അനിൽകുമാർ, എസ്.സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവർ തങ്ങൾക്ക് മർദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുൻപരിചയമില്ലെന്ന് മൊഴി നൽകി. ഇവരെ ആക്രമിക്കാൻ ആരും നിർദേശം നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രിക്കുണ്ടായ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വ്യക്തമാക്കി.
മർദനത്തിന് ഉപയോഗിച്ച ലാത്തികൾ പൊലീസ് വകുപ്പിൽ നിന്ന് ലഭിച്ചതാണെന്നും, ഡ്യൂട്ടി അവസാനിച്ചപ്പോൾ അവ തിരികെ നൽകിയെന്നും ഇവർ ആവർത്തിച്ചു. നിയമനടപടികളും ചോദ്യം ചെയ്യലും കോടതി നിർദേശപ്രകാരം ജാമ്യവ്യവസ്ഥകൾ പാലിച്ചാണ് അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായത്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നീണ്ട നടപടിക്രമങ്ങൾ ഇന്നും തുടരും.
അറസ്റ്റ് രേഖപ്പെടുത്തിയാൽ വ്യവസ്ഥകളോടെ ജാമ്യം നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്. മുൻപ് പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന പ്രതികൾ, പിന്നീട് തിരുവനന്തപുരത്ത് വെച്ച് മൊഴി നൽകിയിരുന്നു.
തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്ന് എസ്.അനിൽകുമാർ പ്രതികരിച്ചു. ലാത്തികൾക്കായി തിരച്ചിൽ സംഭവത്തിൽ ഉപയോഗിച്ച ലാത്തികൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ, ലാത്തികൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്ന ധാരണയിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി പരാമർശിച്ചിരുന്നു. എന്നാൽ, തങ്ങൾ ലാത്തികൾ അതത് പൊലീസ് യൂണിറ്റുകളിൽ തിരിച്ചേൽപ്പിച്ചിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ബന്ധപ്പെട്ട പൊലീസ് യൂണിറ്റുകളിലെ ഇൻവെന്ററി റജിസ്റ്റർ പരിശോധിച്ചാൽ ഇതു സംബന്ധിച്ച സത്യം പുറത്തുവരുമെന്ന് പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

