മുട്ടിൽ മാണ്ടാട് നിവാസികൾക്ക് ഫുട്ബോൾ കാലം വെറും മത്സരങ്ങൾ മാത്രമല്ല, അതൊരു വലിയ സൗഹൃദത്തിന്റെ ഒത്തുചേരൽ കൂടിയാണ്. കളിക്കളത്തിൽ തങ്ങളോടൊപ്പം ആവേശം പങ്കുവെച്ചിരുന്ന പ്രിയ സുഹൃത്ത് എൽസൺ മാർക്കോസിന്റെ ഓർമകൾ ഓരോ ലോകകപ്പ് കാലത്തും ഇവർ പുതുക്കുന്നു.
പതിവു തെറ്റിക്കാതെ ഇത്തവണയും മാണ്ടാടിലെ റോഡരികുകളിൽ ഉയർന്നിരിക്കുന്ന ഫ്ലെക്സ് ബോർഡുകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം എൽസന്റെ ചിത്രവുമുണ്ട്. അർജന്റീനയുടെയും ലയണൽ മെസിയുടെയും കടുത്ത ആരാധകനായിരുന്നു എൽസൺ മാർക്കോസ്.
ഡൈനാമോസ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, ഫുട്ബോളിനെ ഏറെ നെഞ്ചോടു ചേർത്തുപിടിച്ച വ്യക്തിയായിരുന്നു. എന്നാൽ 2019 നവംബറിൽ ദൊട്ടപ്പൻകുളത്തെ ടർഫിൽ വെച്ച് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു എൽസന്റെ അപ്രതീക്ഷിത വിയോഗം.
ആ മരണം നൽകിയ വേദനയിലും സൗഹൃദത്തിന്റെ മാധുര്യം ചോരാതെ കാക്കാൻ മാണ്ടാടിലെ കായികപ്രേമികൾ ശ്രദ്ധിക്കുന്നു. ടീമുകളുടെ വേർതിരിവില്ലാതെയാണ് ഇവർ തങ്ങളുടെ പ്രിയ സുഹൃത്തിനെ ഓർക്കുന്നത്.
ബ്രസീൽ ആരാധകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ പോലും അർജന്റീന ജഴ്സി അണിഞ്ഞ എൽസന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. “ഓർമകളിൽ പ്രിയപ്പെട്ടവൻ” എന്ന അടിക്കുറിപ്പോടെ എൽസന്റെ സാന്നിധ്യം ഇവർ ഓരോ ഫ്ലെക്സ് ബോർഡിലും ഉറപ്പുവരുത്തുന്നു.
തങ്ങൾക്കൊപ്പം എൽസനും ആവേശത്തോടെ കളി കാണുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് മാണ്ടാടിലെ ഈ ഫുട്ബോൾ കൂട്ടായ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

