പാലക്കാട് ജില്ലാ ജയിലിൽ ജാമ്യം ലഭിച്ച കക്ഷിയെ പുറത്തിറക്കാൻ എത്തിയ അഭിഭാഷകയ്ക്ക് മർദനമേറ്റതായി പരാതി. അഭിഭാഷകയായ മായാ മയൂര ആണ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു വിവാദമായ സംഭവം നടന്നത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സ്വർണാഭരണങ്ങളുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു എന്ന കേസിൽ ജാമ്യം ലഭിച്ച ശ്രുതി എന്ന പെൺകുട്ടിയെ ജയിലിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു അഭിഭാഷക.
ജയിൽ പരിസരത്ത് ശ്രുതിയുടെ അമ്മയും മറ്റ് രണ്ട് പേരും തമ്പടിച്ചിരുന്നു. പെൺകുട്ടി വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതോടെ ഇരുപക്ഷവും തമ്മിൽ തർക്കം ഉണ്ടാവുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു.
തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ മർദിച്ചുവെന്ന് മായാ മയൂര നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, താൻ വന്ന വാഹനത്തിന്റെ ടയറിലെ കാറ്റ് അക്രമികൾ ഊരിവിട്ടതായും ഇവർ ആരോപിച്ചു.
സന്ദർശകർക്കുള്ള സമയം കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ജയിൽ വളപ്പിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം അക്രമം അഴിച്ചുവിട്ടുവെന്നും, ഈ സമയം ജയിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കി നിന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ മലമ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അഭിഭാഷക ഈ വിഷയം സംബന്ധിച്ച് ജില്ലാ ജഡ്ജിക്കും പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

