നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതികളെ ചോദ്യം ചെയ്യുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായ എസ്.അനിൽകുമാർ അടക്കം കേസിൽ ഉൾപ്പെട്ട
അഞ്ച് പ്രതികൾ ആലപ്പുഴയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് അന്വേഷണവുമായി സഹകരിക്കുന്നത്. മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പ്രതികൾ ചോദ്യം ചെയ്യലിനായി ഹാജരായത്.
തന്നെ കേസിൽ ഉൾപ്പെടുത്തിയതാണെന്നും വ്യക്തിപരമായി വേട്ടയാടുകയാണെന്നും ചോദ്യം ചെയ്യലിന് മുന്നോടിയായി എസ്.അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്ന് പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് പ്രകാരം, ഇന്ന് മുതൽ രണ്ട് ദിവസങ്ങളിലായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. എസ്.അനിൽകുമാറിനെ കൂടാതെ സുരക്ഷാ സംഘാംഗങ്ങളായ എസ്.സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
അന്വേഷണത്തിന്റെ ഭാഗമായി എപ്പോൾ വേണമെങ്കിലും പ്രതികളെ വീണ്ടും വിളിച്ചുവരുത്താൻ അന്വേഷണ സംഘത്തിന് കോടതി അധികാരം നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികൾക്കെതിരെ ഐപിസി 308 (നരഹത്യാശ്രമം) പ്രകാരം കേസെടുത്തിട്ടുള്ളതിനാൽ, തുടർനടപടികൾ സെഷൻസ് കോടതിയിലായിരിക്കും നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

