കാക്കനാട് ഭാരതമാത കോളജിനു സമീപമുള്ള കൊല്ലംകുടിമുകൾ റോഡിലെ സ്കൈലൈൻ പാം ടോപ് ഫ്ലാറ്റിലെയും പരിസരത്തെ വീടുകളിലെയും കിണറുകളിൽ ഡീസൽ കലർന്നതായി പരാതി. കിണറുകളിലെ വെള്ളത്തിൽ ശക്തമായ ഡീസൽ മണം അനുഭവപ്പെടുന്നതായി താമസക്കാർ പറയുന്നു.
ഫ്ലാറ്റിലെ താമസക്കാർ നടത്തിയ ലാബ് പരിശോധനയിലും വെള്ളത്തിൽ ഡീസലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി നഗരസഭയ്ക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നേരത്തെ തന്നെ പരാതി നൽകിയിരുന്നു.
എന്നാൽ, കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കുന്നില്ലെന്നും ഭൂഗർഭ ജല വകുപ്പിനെ സമീപിക്കാനുമാണ് നഗരസഭ അധികൃതർ മറുപടി നൽകിയത്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് താമസക്കാർ ആരോപിക്കുന്നു.
72 അപാർട്മെന്റുകളുള്ള ഈ ഫ്ലാറ്റിൽ 65 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മാസങ്ങളായി വെള്ളത്തിൽ നേരിയ ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും സമീപകാലത്തായി ഇത് രൂക്ഷമായിരിക്കുകയാണ്.
പ്രദേശത്തെ സീപോർട്ട് എയർപോർട്ട് റോഡിൽ പെട്രോൾ, ഡീസൽ പമ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടുത്തെ ടാങ്കുകളിൽ ചോർച്ചയില്ലെന്നാണ് പമ്പ് ഉടമകളുടെ വിശദീകരണം. ഇന്ധന സ്റ്റോക്കിൽ കുറവൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
റോഡിലൂടെ കടന്നുപോകുന്ന കെമിക്കൽ പൈപ്പ് ലൈനുകൾക്ക് ചോർച്ചയുണ്ടെങ്കിൽ അത് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഉള്ളതിനാൽ അത്തരം സാധ്യതകളും അധികൃതർ തള്ളിക്കളയുന്നു. നിലവിൽ ഫ്ലാറ്റ് വളപ്പിലെ കുഴൽക്കിണർ വെള്ളത്തിന് പ്രശ്നമില്ലെങ്കിലും, വലിയ തുക മുടക്കി പുറത്തുനിന്നും ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ് കുടുംബങ്ങൾ ആശ്രയിക്കുന്നത്.
കിണർ വെള്ളത്തിലെ ഡീസൽ മണത്തിന്റെ ഉറവിടം കണ്ടെത്തി അടിയന്തര പരിഹാരം കാണണമെന്ന് സ്കൈലൈൻ പാം ടോപ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ്കുട്ടി കരിയാനപ്പള്ളി, ഭാരവാഹികളായ എം.എം.ഷിൽജ, ജയചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

