വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള യുവാവും യുവതിയും തങ്ങളുടെ വിവാഹ ചടങ്ങ് തികച്ചും ലളിതമായി ആഘോഷിക്കാൻ തീരുമാനിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി. ആഘോഷങ്ങൾ ഒഴിവാക്കി വിവാഹത്തിന് കരുതിയിരുന്ന തുക അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഇവർ സംഭാവന നൽകി.
വെട്ടിക്കോട് തോട്ടത്തിൽ ഇല്ലത്തിൽ വിദ്യാനന്ദൻ നമ്പൂതിരി, ഉഷ എന്നിവരുടെ മകൻ അനന്തകൃഷ്ണൻ, കോമല്ലൂർ വെട്ടത്തുപറമ്പിൽ പ്രിയ മറിയം പ്രസാദ് എന്നിവരാണ് വേറിട്ട ഈ വിവാഹത്തിന് തുടക്കമിട്ടത്.
ലണ്ടനിൽ ജോലി ചെയ്യുന്ന ഇരുവരും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കറ്റാനം സബ് റജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്തത്.
നിയമപരമായ നടപടികൾക്ക് ശേഷം സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പള്ളിക്കലിലെ മഹാത്മാ ജനസേവന കേന്ദ്രത്തിലാണ് ഇവർ എത്തിയത്. അവിടെയുള്ള അന്തേവാസികൾക്ക് തങ്ങളുടെ വിവാഹസദ്യ വിളമ്പി നൽകുകയും, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
വിവാഹ ധൂർത്ത് ഒഴിവാക്കി നീക്കിവെച്ച തുക പൂർണ്ണമായും ഇവിടുത്തെ അന്തേവാസികളുടെ അന്നദാനത്തിനായി കൈമാറിയ ശേഷമാണ് ദമ്പതികൾ മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

