തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
പൊന്മുടി, വർക്കല, പൂവാർ, കോവളം, നെയ്യാർ ഡാം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ പോരായ്മകൾ വിനോദസഞ്ചാര മേഖലയ്ക്ക് വെല്ലുവിളിയാവുകയാണ്. പൊന്മുടിയിലെ നിയന്ത്രണ പരിമിതികൾ
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ പൊന്മുടിയിൽ വനംവകുപ്പിന് കീഴിലെ വനസംരക്ഷണ സമിതി (വിഎസ്എസ്) അംഗങ്ങളാണ് സുരക്ഷാച്ചുമതലയുടെ വലിയൊരു പങ്ക് നിർവഹിക്കുന്നത്.
എന്നാൽ, സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ എണ്ണം പരിമിതമാണ്. ചെക്ക് പോസ്റ്റ് മുതൽ കല്ലാർ ഗോൾഡൻ വാലി, വെള്ളച്ചാട്ട
മേഖല, 22 ഹെയർപിൻ വളവുകൾ, അപ്പർ സാനിറ്റോറിയം, വാച്ച് ടവർ എന്നിവിടങ്ങളിലടക്കം നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ഈ ചെറിയ സംഘമാണ്. അടിയന്തര സാഹചര്യങ്ങളിലും ക്രമസമാധാന പ്രശ്നങ്ങളിലും ഇടപെടാൻ കൂടുതൽ പൊലീസ് സാന്നിധ്യം അനിവാര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടിയ ‘ഹിഡൻ സ്പോട്ടുകൾ’ പുതിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഔദ്യോഗികമായി അനുമതിയുള്ള കേന്ദ്രങ്ങളല്ലാത്ത ഇത്തരം ഇടങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും സാന്നിധ്യമുള്ള ഇത്തരം മേഖലകളിൽ അടിയന്തര സഹായം എത്തിക്കുക എന്നത് ദുഷ്കരമാണ്. തീരദേശത്തും ഡാം പരിസരത്തും സുരക്ഷാ വീഴ്ച
പ്രധാന ബീച്ച് ടൂറിസം കേന്ദ്രമായ വർക്കലയിൽ ആഭ്യന്തര സഞ്ചാരികളുടെ വരവ് കൂടിയതോടെ ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുകയാണ്.
മദ്യപിച്ച് ബഹളമുണ്ടാക്കൽ, പാർക്കിങ് തർക്കങ്ങൾ, മാലിന്യം വലിച്ചെറിയൽ എന്നിവ സ്ഥിരമായിട്ടുണ്ട്. രാത്രികാലങ്ങളിൽ കൂടുതൽ പൊലീസ് പട്രോളിങ് അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പൂവാർ പൊഴിക്കരയിൽ ലൈഫ് ഗാർഡുകൾ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ആധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങളോ ലഭ്യമല്ല. നെയ്യാർ ഡാം വിനോദസഞ്ചാര കേന്ദ്രത്തിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായത് നിരീക്ഷണത്തെ ബാധിക്കുന്നുണ്ട്.
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കോവളം ബീച്ചിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത രൂക്ഷമാണ്.
ശുദ്ധജല വിതരണം, പൊതുശുചിമുറികൾ, വഴിവിളക്കുകൾ, സിസിടിവി നിരീക്ഷണം എന്നിവയുടെ അഭാവം സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. രാത്രിയിൽ ബീച്ച് പരിസരം ഇരുട്ടിലമരുന്നത് സുരക്ഷാ ഭീഷണിയും തെരുവുനായ ശല്യവും വർധിപ്പിക്കുന്നു.
ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് അനുസൃതമായി ഒരു സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആധുനിക നിരീക്ഷണ സംവിധാനങ്ങൾ, കൂടുതൽ പൊലീസ് സാന്നിധ്യം, ലൈഫ് ഗാർഡുകൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയാൽ മാത്രമേ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികൾക്ക് പൂർണ്ണമായും സുരക്ഷിതമാക്കാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

