ആലപ്പുഴയിലെ നിർമ്മാണത്തിലിരിക്കുന്ന ജില്ലാക്കോടതിപ്പാലത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങളിലെ മന്ദത ഇപ്പോഴും തുടരുകയാണ്.
പാലം നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന നൂറിലേറെ അതിഥിത്തൊഴിലാളികൾ വോട്ട് രേഖപ്പെടുത്തുന്നതിനായി ബംഗാളിലേക്ക് മടങ്ങിയ ശേഷം തിരികെ എത്താത്തതാണ് പദ്ധതിയുടെ വേഗത കുറയാൻ പ്രധാന കാരണമായത്. തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിലവിൽ നാട്ടിലേക്ക് മടങ്ങാത്തവരും മലയാളികളുമായ പത്തോളം തൊഴിലാളികൾ മാത്രമാണ് നിർമ്മാണ സ്ഥലത്തുള്ളത്. യന്ത്രങ്ങൾ ഉപയോഗശൂന്യമാകാതിരിക്കാൻ ഇവരെക്കൊണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കേണ്ട
ഗതികേടിലാണ് കരാർ കമ്പനി. അതേസമയം, നിർമ്മാണച്ചുമതലയുള്ള പൊതുമരാമത്ത് – കിഫ്ബി ഉദ്യോഗസ്ഥർ സർക്കാർ തലത്തിലെ പുതിയ നിയമനങ്ങൾക്കും സ്ഥലമാറ്റങ്ങൾക്കും ശേഷമേ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുള്ളൂ എന്ന നിലപാടിലാണ്.
നിർമ്മാണ പുരോഗതി ഫ്ലൈ ഓവർ, റാംപ് റോഡുകൾ, അടിപ്പാത, ആധുനിക ബോട്ട് ജെട്ടി എന്നിവ ഉൾപ്പെടുത്തി റൗണ്ട് എബൗട്ട് മാതൃകയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. കരാർ പ്രകാരം 2027 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കണം.
ആവശ്യമായ 171 പൈലിങ്ങുകളിൽ 115 എണ്ണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഫ്ലൈ ഓവറിന്റെയും റാംപ് റോഡുകളുടെയും ഗർഡറുകളുടെയും പണികൾ പ്രാഥമിക ഘട്ടത്തിൽ ആരംഭിച്ചിരുന്നു.
യാത്രാക്ലേശം തുടരുന്നു പാലത്തിന്റെ തെക്കുവശത്തെ റാംപ് നിർമ്മാണത്തിനായി മൂന്ന് കടകൾ പൊളിച്ചുമാറ്റി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും നഗര ചത്വരം, തെക്കേക്കരയിലെ അലൂക്കാസ് മുതൽ മുല്ലയ്ക്കൽ വരെയുള്ള ഭാഗം, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുള്ള നടപ്പാത എന്നിവിടങ്ങളിലെ യാത്രാദുരിതം പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

