കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം സംശയകരമാണെന്ന് മുഖപ്രസംഗത്തിലൂടെ പത്രം ആരോപിക്കുന്നു.
നയപ്രഖ്യാപന പ്രസംഗത്തിലോ ധവളപത്രത്തിലോ കേന്ദ്ര സർക്കാരിനെതിരായ ചെറിയൊരു പരാമർശം പോലും ഉൾപ്പെടുത്താത്തത് അവിശ്വസനീയമാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നടപടികൾക്കെതിരെയും അർഹമായ വിഹിതം നൽകാത്തതിനെതിരെയും നിയമസഭയിൽ പോലും മുഖ്യമന്ത്രി മൗനം പാലിച്ചത് അത്ഭുതകരമാണെന്നും വിമർശനമുണ്ട്.
ഗവർണറുടെ അമിതാധികാര പ്രവണതകളെ ചെറുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം ജനവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെയും മുഖപ്രസംഗം രൂക്ഷമായി വിമർശിക്കുന്നു.
അധികാരത്തിൽ എത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെ ഇപ്പോൾ അതിനോട് മൃദുസമീപനം പുലർത്തുന്നത് രാഷ്ട്രീയമായ ഒളിച്ചുകളിയാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ശക്തമായി എതിർത്ത പല നയങ്ങളും നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

