സ്വർണ ഇറക്കുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ആഭരണ നിർമാണ മേഖലയിൽ കടുത്ത ആശങ്ക. ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് രൂപയുടെ മൂല്യം ഉയർത്താനോ ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയാനോ സഹായകമാകില്ലെന്ന് ആഭരണ നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
പ്രതിസന്ധികൾ
ഈ നടപടി വിപണിയിലെ പ്രവർത്തന മൂലധനത്തിന്റെ ആവശ്യകത വർധിപ്പിക്കുകയും ആഭരണ നിർമാണ മേഖലയുടെ ലാഭക്ഷമതയിൽ വൻ ഇടിവുണ്ടാക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഈ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ഇത് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്വർണത്തിന്റെ ലഭ്യതയിൽ കുറവുണ്ടാകുന്നത് അനധികൃത സ്വർണക്കടത്ത് വർധിക്കുന്നതിനും തദ്വാരാ സർക്കാർ ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും കാരണമാകുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു. ബദൽ നിർദേശങ്ങൾ
നിലവിലെ ഇറക്കുമതി നയം അനുസരിച്ച് സ്വർണം വാങ്ങുമ്പോൾ അധിക തുക ചെലവഴിക്കേണ്ടി വരുന്നതിനാൽ ലഭിക്കുന്ന സ്വർണത്തിന്റെ അളവ് കുറയുന്നു.
ഇതിന് പരിഹാരമായി, പഴയ സ്വർണം ഉരുക്കി ബാറുകളാക്കി ബാങ്കുകൾ വഴി (ബുള്ള്യൻ ബാങ്ക്സ്) ആഭരണ നിർമാതാക്കൾക്ക് ഗോൾഡ് മെറ്റൽ ലോൺ ആയി നൽകണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ഇറക്കുമതി ചെയ്യുന്ന സ്വർണമാണ് ബാങ്കുകൾ വായ്പയായി നൽകുന്നത്.
കൂടാതെ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനെ (ETF) സ്വർണ ബാറുകൾ വാങ്ങാൻ അനുവദിക്കണമെന്ന നിർദേശവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വർണ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ആഭരണ നിർമാതാക്കൾ തങ്ങളുടെ ആശങ്കകളും ബദൽ നിർദേശങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

