കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. പ്രസ്തുത വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട
ഹർജിയിൽ നിന്നാണ് ഈ പിന്മാറ്റം. നേരത്തെ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
ഇതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനമായി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ, ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞിരുന്നു. ഇത് പുതിയ ഹർജിയാണെന്നും മറുപടി നൽകാൻ സാവകാശം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും കോടതി വ്യക്തത തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

