ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സന്റെ ഔദ്യോഗിക പദവി പ്രതിസന്ധിയിൽ. തടവിലായതിനെ തുടർന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവധി അനുവദിക്കണമെന്ന ഇദ്ദേഹത്തിന്റെ അപേക്ഷ നഗരസഭ കൗൺസിൽ തള്ളിക്കളഞ്ഞു.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെടുമെന്ന ചട്ടം നിലനിൽക്കെയാണ് നടപടി. ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പ്രശോഭ് സി വത്സൻ അയോഗ്യനാക്കപ്പെട്ടാൽ യുഡിഎഫിന്റെ കൗൺസിലർമാരുടെ എണ്ണം 17 ആയി കുറയും.
ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കുന്നത്തൂർമേട് വാർഡിലെ പ്രതിനിധിയാണ് ഇദ്ദേഹം.
കേസിന്റെ നാൾവഴികൾ 2024 മാർച്ച് 27-നാണ് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം ഇദ്ദേഹം യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഒളിവിൽ പോയ പ്രതി മണ്ണാർക്കാട് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മെയ് 27-ന് ഇദ്ദേഹം പാലക്കാട് ടൗൺ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

