മൺസൂൺ ശക്തമായതോടെ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിൽ ഭാഗികമായി കടൽക്ഷോഭം റിപ്പോർട്ട് ചെയ്തു. ബീച്ചിന്റെ നാല് കിലോമീറ്റർ പരിധിയിൽ, പ്രത്യേകിച്ച് ധർമടം ഭാഗങ്ങളിലാണ് ശക്തമായ തിരയടി അനുഭവപ്പെടുന്നത്.
മഴയുടെ കാഠിന്യം കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഉൾപ്പെടെ ജില്ലയിലെ എല്ലാ ബീച്ചുകളിലും സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഓഗസ്റ്റ് മാസം വരെ ഈ സാഹചര്യം തുടരാറുണ്ട്.
ഓണം സീസൺ എത്തുന്നതോടെ മാത്രമേ ബീച്ചിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാൻ സാധിക്കൂ. അപകടസാധ്യത നിലനിൽക്കെയും മുന്നറിയിപ്പുകളെ അവഗണിച്ച് പലരും പ്രക്ഷുബ്ധമായ കടലിലിറങ്ങുന്നത് ആശങ്കയാകുന്നുണ്ട്.
വൊളന്റിയർമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കർണാടകയിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും ഇത് അവഗണിക്കുന്നതായി പരാതിയുണ്ട്. പയ്യാമ്പലം, ഏഴര, തോട്ടട തുടങ്ങിയ തീരങ്ങളിലും സന്ദർശകർ കടലിലിറങ്ങുന്നത് അപകടഭീഷണി ഉയർത്തുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി കന്നട ഭാഷയിലടക്കം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇതിനിടെ, മൺസൂൺ ശക്തമായ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ബീച്ചുകളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പനമ്പൂർ, തണ്ണീർഭാവി, സോമേശ്വര ബീച്ചുകളിൽ ഫ്ലോട്ടിങ് ബ്രിജുകൾ, ബോട്ട് റൈഡുകൾ, സർഫിങ് തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തി.
ദേശീയപാതയും സർവീസ് റോഡുകളും വെള്ളത്തിൽ എടക്കാട് മേഖലയിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സർവീസ് റോഡുകളിലും അടിപ്പാതകളിലും വെള്ളക്കെട്ട് യാത്രാദുരിതം വർധിപ്പിക്കുന്നു.
നടാൽ ഊർപഴച്ചിക്കാവ് റോഡ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള എല്ലാ അടിപ്പാതകളും വെള്ളത്തിനടിയിലാണ്. ചാലയിൽ നിന്ന് ദേശീയപാതയിൽ നിന്നും വെള്ളം സർവീസ് റോഡിലേക്ക് കുത്തിയൊഴുകുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
റോഡ് നിർമാണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. കണ്ണൂർ നഗരത്തിൽ ജലയാത്ര കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
തെക്കീ ബസാർ ജംക്ഷൻ, സബ് ജയിൽ റോഡ്, മാർക്കറ്റ്, കോർപറേഷൻ ഓഫിസ് പരിസരം, തളാപ്പ്, മേലെ ചൊവ്വ, അഞ്ചുകണ്ടി തുടങ്ങിയ ഇടങ്ങളിൽ രാവിലെ മുതൽ ഗതാഗതം തടസ്സപ്പെട്ടു. വലിയന്നൂർ, വാരം, കക്കാട് റോഡ്, പള്ളിപ്രം, കക്കാട് അരയാൽത്തറ, താണ തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി.
കാൽടെക്സിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള ബസ് ഷെൽറ്ററുകളിൽ രണ്ടരയടിയോളം വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ലാത്തതാണ് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്.
ഓടകളിലെ മാലിന്യവും മണ്ണും നീക്കം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് ഈ ദുരിതങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വാർഡ് അടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് ഓരോ ഡിവിഷനുകൾക്കും ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തികൾ അപര്യാപ്തമായിരുന്നുവെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

