എറണാകുളം കോതമംഗലത്ത് ഗാർഹിക പീഡനത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ സ്വദേശിനിയായ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് പി വി കുര്യാക്കോസി (65) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് കുര്യാക്കോസ് ഈ ക്രൂരകൃത്യം നടത്തുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് കുര്യാക്കോസ് കുഞ്ഞമ്മയെ പത്ത് തവണയെങ്കിലും കുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രതിയായ കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് അറിയിച്ചത്.
തുടർന്ന് മകൻ അയൽവാസിയെ വിവരമറിയിക്കുകയും, അയൽവാസി ഉടൻ തന്നെ വീട്ടിലെത്തി പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
മറ്റൊരാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് മകളുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. പ്രതിയായ കുര്യാക്കോസിന്റെ മൊഴിയിലും സമാനമായ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.
മൂന്നാഴ്ച മുൻപാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ നടന്നത്. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുമുണ്ട്.
കൂടാതെ ഇദ്ദേഹത്തിന്റെ കാലിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ വിഷാദരോഗവും ഇയാളെ അലട്ടിയിരുന്നതായാണ് റിപ്പോർട്ട്.
പ്രതിയുടെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച മറ്റ് കാരണങ്ങൾ പൂർണ്ണമായും വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഇരയായ കുഞ്ഞമ്മയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
വിദേശത്തുള്ള മകൻ നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

