കൊച്ചിയിൽ നടന്ന രാസലഹരി വേട്ടയുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് പുറത്തുവിട്ട ദൃശ്യങ്ങൾ വിവാദത്തിലേക്ക്.
കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുവതി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും ഔദ്യോഗികമായി പരാതി നൽകി.
ഈ മാസം 5-ന് എക്സൈസ് സംഘം നടത്തിയ ലഹരി പരിശോധനയ്ക്കു ശേഷമാണ് വിവാദമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ചേരാനെല്ലൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 110.73 ഗ്രാം രാസലഹരിയും 1.85 ലക്ഷം രൂപയുമായി മൂന്ന് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.
ഈ നടപടിക്കിടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഹോട്ടൽ മാനേജരായ യുവതിയുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞത്. തുടർന്ന് പുറത്തുവന്ന വിഡിയോയിൽ ഇവർ കൂടി പ്രതിയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ യുവതിയുടെ കുടുംബവും വ്യക്തിജീവിതവും വലിയ പ്രതിസന്ധിയിലായി.
താൻ നിരപരാധിയാണെന്നും എക്സൈസ് വകുപ്പിന്റെ അനാസ്ഥമൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

