കൊല്ലത്ത് നടന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിൽ, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനരീതികളെയും നേതൃത്വത്തിന്റെ നിലപാടുകളെയും പ്രതിനിധികൾ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു.
പിണറായി വിജയന്റെ മകൾക്കെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുമുന്നണിയുടെ പേരിൽ നടത്തിയ സമരത്തിൽ സിപിഐ പങ്കെടുത്തത് ശരിയായില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
“പിണറായിയുടെ മകൾ പിണറായിയുടെ പാർട്ടിയിലെ അംഗമോ ഇടതുമുന്നണിയിൽപെട്ട ആളോ അല്ല” എന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, അന്വേഷണത്തിനിടെയുണ്ടായ അക്രമങ്ങളെ പാർട്ടി അപലപിക്കാതിരുന്നത് നേതൃത്വം പിണറായിക്കു മുന്നിൽ വണങ്ങിനിൽക്കുന്നത് കൊണ്ടാണെന്നും ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സെക്രട്ടേറിയറ്റിലെ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും, ഈ സംഘമാണ് പാർട്ടിയെ നയിക്കുന്നതെന്നും വിമർശനമുണ്ട്. സെക്രട്ടേറിയറ്റ് അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനു വേണ്ടി പാർട്ടി നേതൃത്വം രംഗത്തിറങ്ങിയത് രാഷ്ട്രീയമായല്ല, മറിച്ച് പദവിക്കു വേണ്ടിയുള്ള വെറും മുറവിളിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന സമരത്തിൽ ആനി രാജ പങ്കെടുത്തതിനെതിരെയും വിമർശനം ഉയർന്നു.
ബിനോയ് വിശ്വം, പി.പി. സുനീർ, ജി.ആർ.
അനിൽ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഈ അഭിപ്രായപ്രകടനങ്ങൾ ഉണ്ടായത്. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ തോൽവിക്ക് ആക്കം കൂട്ടി.
25 സീറ്റുകളിൽ അഞ്ചിടത്ത് സ്ഥാനാർഥികളെ നിശ്ചയിച്ചത് ഒരു സെക്രട്ടേറിയറ്റംഗമാണെന്നും, ഇവർ സ്വയം മത്സരിച്ചപ്പോൾ അടൂരിൽ സ്വന്തം പഞ്ചായത്തിലുള്ള ഒരാളെ സ്ഥാനാർഥിയാക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ചാത്തന്നൂരിൽ ജി.എസ്.
ജയലാലിനെ മത്സരിപ്പിക്കണമെന്ന ജില്ലാ കൗൺസിലിന്റെ നിർദേശം അട്ടിമറിച്ചതാണ് തോൽവിക്ക് കാരണമായതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചടയമംഗലത്തെ പരാജയം ജനപിന്തുണയില്ലാത്തത് കൊണ്ടാണെന്നും, ലോക്കൽ സെക്രട്ടറിമാർക്ക് പോലും സ്ഥാനാർഥിയെ അറിയില്ലായിരുന്നുവെന്നും ആക്ഷേപമുയർന്നു.
ചാത്തന്നൂരിലെ പരാജയത്തിൽ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിലെ പ്രമുഖനാണെന്ന രീതിയിൽ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് മാധ്യമത്തിന് അഭിമുഖം നൽകിയ മുതിർന്ന നേതാവ് കെ.ആർ.
ചന്ദ്രമോഹനോട് വിശദീകരണം തേടാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്നാൽ, പാർട്ടിയുടെ നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിച്ചതെന്നും അദ്ദേഹത്തെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിലപാടെടുത്തു.
കെ.ആർ. ചന്ദ്രമോഹൻ തന്റെ അഭിമുഖത്തിൽ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യോഗം ഇന്നും തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

