തമിഴ് സിനിമാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പ്രമുഖ സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു.
വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു.
മകൻ മനോജിന്റെ വിയോഗം അദ്ദേഹത്തെ മാനസികമായി ഏറെ തളർത്തിയിരുന്നു. ഇയക്കുനർ ഇമയം എന്ന വിശേഷണത്താൽ അറിയപ്പെടുന്ന അദ്ദേഹം, തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തുകൊണ്ടുവന്ന് ഗ്രാമീണതയുടെ തനിമയിലേക്ക് പറിച്ചുനട്ട
വ്യക്തിത്വമാണ്. തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിലും അദ്ദേഹം തന്റെ സാന്നിധ്യം അടയാളപ്പെടുത്തി.
1941 ജൂലൈ 17-ന് തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തിൽ പെരിയമായ തേവരുടെയും കറുത്തമ്മാളിന്റെയും മകനായാണ് ചിന്നസാമി എന്ന ഭാരതിരാജ ജനിച്ചത്. 1960-കളിൽ ചലച്ചിത്ര സ്വപ്നങ്ങളുമായി മദ്രാസിലെത്തിയ അദ്ദേഹം, സംവിധായകൻ പുട്ടണ്ണ കനഗലിന്റെ സഹായിയായാണ് സിനിമയിലെത്തിയത്.
1977-ൽ പുറത്തിറങ്ങിയ പതിനാറു വയതിനിലേ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയിൽ വലിയ ചലനമുണ്ടാക്കി. കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവർ വേഷമിട്ട
ഈ ചിത്രം റിയലിസ്റ്റിക് സിനിമകളുടെ പുതിയ അധ്യായം തുറന്നു. ഭാരതിരാജയുടെ സിനിമകളിൽ ഗ്രാമം കേവലം ഒരു പശ്ചാത്തലമായിരുന്നില്ല, മറിച്ച് സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു.
ഇളയരാജയുടെ സംഗീതവും ഭാരതിരാജയുടെ ദൃശ്യഭാഷയും ഒത്തുചേർന്നപ്പോൾ പിറന്നത് മികച്ച കലാസൃഷ്ടികളാണ്. മുതൽ മരിയാതൈ, സിഗപ്പു റോജാക്കൾ, അലൈകൾ ഓയ് വതില്ലൈ, വേദം പുതിത്, കറുത്തമ്മ തുടങ്ങിയവ അദ്ദേഹത്തിന്റെ സംവിധാന മികവിന് ഉദാഹരണങ്ങളാണ്.
തമിഴ് കൂടാതെ തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങൾ ഒരുക്കി. 1978 മുതൽ അഭിനയരംഗത്തും സജീവമായിരുന്നു.
തരുൺ മൂർത്തിയുടെ മലയാള ചിത്രമായ തുടരും എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ആറ് തവണ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തെ 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
2013-ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

