കൊഴിഞ്ഞാമ്പാറയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവാവ് പിടിയിലായി. വാളയാർ ആറ്റുപ്പതി ആട്ടുക്കാരൻ വീട്ടിൽ റാബിൻ (23) ആണ് സംഭവവുമായി ബന്ധപ്പെട്ട് വാളയാർ പൊലീസിന്റെ പിടിയിലായത്.
മേയ് 30-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിപ്പാറ സ്വദേശി കമലാരണിയുടെ (71) വീട്ടിലെത്തിയ പ്രതി, വീട്ടിൽ വയോധിക തനിച്ചാണെന്ന് മനസ്സിലാക്കി വാതിലിൽ മുട്ടി വിളിക്കുകയായിരുന്നു.
വാതിൽ തുറന്നയുടൻ വയോധികയുടെ വായ പൊത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവെച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് ഇവരെ ശുചിമുറിയിലേക്ക് തള്ളിയിട്ട
ശേഷം പുറത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 5,000 രൂപയും പ്രധാനപ്പെട്ട
രേഖകളടങ്ങിയ രണ്ട് സ്യൂട്ട്കേസുകളുമാണ് ഇയാൾ കവർന്നത്. മുഖം തുണികൊണ്ട് മറയ്ക്കുകയും കയ്യുറകൾ ധരിക്കുകയും ചെയ്തിരുന്ന പ്രതി, കവർച്ചയ്ക്ക് ശേഷം സിസിടിവി ക്യാമറയ്ക്ക് നേരെ നോക്കി വിജയചിഹ്നം കാണിച്ച ശേഷമാണ് മടങ്ങിയത്.
വൈകുന്നേരം അഞ്ച് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ വയോധികയെ കണ്ടെത്തിയത്.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പോക്സോ കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ റാബിൻ, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ കെ.പി.ജോർജ്, എഎസ്ഐ ശാന്ത, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ ഹരിദാസ് എന്നിവർ ഉൾപ്പെടുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

