മനുഷ്യ-വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേഗത്തിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് പുതിയ സംവിധാനം സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു.
വനമേഖലയ്ക്കു പുറത്തുള്ള വന്യജീവികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനും, ജനവാസ മേഖലകളിലേക്ക് എത്തുന്ന ജീവികളെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കായി പൊതുജനങ്ങൾക്ക് ഈ ഏകജാലക സംവിധാനം പ്രയോജനപ്പെടുത്താം. നിലവിൽ 1800-425-4733 എന്ന ടോൾഫ്രീ നമ്പർ വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്.
ഭാവിയിൽ മൂന്നോ നാലോ അക്കങ്ങളുള്ള ഷോർട്ട് കോഡ് നമ്പർ ലഭ്യമാകുമ്പോൾ സേവനം അതിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. ക്ലൗഡ് അധിഷ്ഠിത കോൾ സെന്റർ സൊലൂഷൻ പ്രൂഫ് ഓഫ് കോൺസെപ്റ്റ് അടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
കോൾ സെന്ററിൽ ലഭിക്കുന്ന ഓരോ പരാതിയും പ്രത്യേക പോർട്ടലിൽ രേഖപ്പെടുത്തും. തുടർന്ന് പരാതിക്കാരന് ട്രാക്കിങ് വിവരങ്ങൾ ഉൾപ്പെടെയുള്ള എസ്എംഎസ് സന്ദേശം ലഭ്യമാകും.
അടിയന്തര സാഹചര്യങ്ങളിൽ ഫീൽഡ് തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ, റാപ്പിഡ് റെസ്പോൺസ് ടീം, റേഞ്ച് ഓഫിസ് എന്നിവിടങ്ങളിലേക്ക് വൈൽഡ് വാച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി കൃത്യമായ വിവരങ്ങൾ കൈമാറും.
പരാതിയിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി പരാതിക്കാർക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

