ഇടുക്കി ജില്ലയിൽ തുടരുന്ന മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ജനജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്.
കൃഷിഭൂമിയും വീടുകളും തകർക്കപ്പെടുന്നതും ആളുകൾക്ക് പരുക്കേൽക്കുന്നതും പതിവായ സാഹചര്യത്തിൽ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വാഗ്ദാനങ്ങൾ നടപ്പിലാകാത്തത് കടുത്ത അമർഷത്തിന് കാരണമാകുന്നുണ്ട്. സൗരോർജ തൂക്കുവേലികൾ കാട്ടാനശല്യം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമായി കണക്കാക്കുന്നത് സൗരോർജ തൂക്കുവേലികളാണ്.
ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളിൽ ഇവ സ്ഥാപിക്കുമെന്ന് പലതവണ അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും പദ്ധതി കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. റാപിഡ് റെസ്പോൺസ് ടീം പീരുമേട് മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിനായി, 2023-ൽ വനംമന്ത്രി പുതിയൊരു ആർആർടി (റാപിഡ് റെസ്പോൺസ് ടീം) സംഘത്തെ കൂടി അനുവദിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, പ്രഖ്യാപനം വന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും പുതിയ സംഘം പ്രവർത്തനം തുടങ്ങിയിട്ടില്ല. കാട്ടാനകളുടെ സാന്നിധ്യം മുൻപത്തേക്കാൾ വർധിച്ചിട്ടും, അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ലെന്നത് വസ്തുതയാണ്.
അനിമൽ ബ്രിജുകൾ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാനകൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അണ്ടർ പാസേജുകളും അനിമൽ ബ്രിജുകളും നിർമിക്കുമെന്ന് വനംവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി ഫണ്ട് നീക്കിവെച്ചതായി അധികൃതർ അവകാശപ്പെട്ടെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിയമനിർമ്മാണത്തിലെ അനിശ്ചിതത്വം വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്ന ആവശ്യം വർഷങ്ങളായി മലയോര മേഖലയിൽ ഉയരുന്നുണ്ട്.
മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്ന ജനപ്രതിനിധികൾ ഇപ്പോൾ ഭരണപക്ഷത്തുണ്ട് എന്നതുകൊണ്ട് തന്നെ, ഈ സർക്കാർ കാലയളവിലെങ്കിലും ഫലപ്രദമായ നിയമനിർമ്മാണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

