ഗാർഹിക പാചകവാതക വില വർധനവിന് പിന്നാലെ, പിഎം ഉജ്വല പദ്ധതിയുടെ ആനുകൂല്യങ്ങളിലും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സബ്സിഡി നിരക്കിൽ അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കുറയ്ക്കാൻ തീരുമാനിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കൾ പ്രതിസന്ധിയിലായി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നിലവിൽ രാജ്യത്താകെ പത്തര കോടിയോളം പേർ പദ്ധതിയുടെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്നുണ്ട്.
കേരളത്തിൽ മാത്രം നാല് ലക്ഷത്തോളം കണക്ഷനുകളാണ് പദ്ധതിക്ക് കീഴിലുള്ളത്. 2016-ൽ പിഎം ഉജ്വല പദ്ധതി ആരംഭിച്ചപ്പോൾ 12 സിലിണ്ടറുകൾ വരെ സബ്സിഡി നിരക്കിൽ ലഭിക്കുമായിരുന്നു.
പിന്നീട് കഴിഞ്ഞ വർഷം ഇത് ഒമ്പതായി കുറച്ചു. ഇപ്പോഴത്തെ പുതിയ തീരുമാനത്തോടെ ഇത് നാലായി ചുരുങ്ങുകയാണ്.
ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയ വക്താവ് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “ഗാർഹിക ഉപയോഗത്തിനായുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് യഥാർഥത്തിൽ എണ്ണക്കമ്പനികൾക്ക് 1600 രൂപയിലേറെ ചെലവുവരുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയ വക്താവ് പറഞ്ഞു. ഡൽഹിയിൽ 942 രൂപയാണ് ഈടാക്കുന്നത്.
ഉജ്വല പദ്ധതിയിൽ 300 രൂപ കൂടി അധിക സബ്സിഡി നൽകി 642 രൂപയ്ക്കും.” സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയിലെ വിലയെ അപേക്ഷിച്ച് വലിയ തോതിലുള്ള ഇളവുകൾ നൽകുന്നത് മൂലം എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ നൽകിയ കണക്കുകൾ പ്രകാരം: “രാജ്യാന്തര വിലയെക്കാൾ 60 ശതമാനത്തോളം കിഴിവു നൽകുന്നതു വഴി കഴിഞ്ഞ സാമ്പത്തിക വർഷം 60,000 കോടി രൂപയിലേറെയാണ് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം. ഇതു നികത്താൻ 30,000 കോടി രൂപ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയെന്നും പെട്രോളിയം മന്ത്രാലയത്തിലെ അഡിഷനൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

