ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റിലാണ് സുതാര്യതയില്ലാത്ത ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഏകദേശം നാലരക്കോടി രൂപയുടെ ചെലവുകൾക്ക് കൃത്യമായ രേഖകൾ ഹാജരാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അനാവശ്യ പരസ്യങ്ങൾക്കായി വൻതുക ചെലവഴിച്ചു
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തമിഴ്നാട്ടിലെ പ്രചാരം കുറഞ്ഞ സായാഹ്ന പത്രങ്ങളിൽ വ്യാപകമായി പരസ്യം നൽകിയിരുന്നു.
‘എന്തിനാണ് ഈ പരസ്യം?’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഈ നടപടിയെ ഓഡിറ്റ് വിഭാഗം ശക്തമായി വിമർശിച്ചു. ഇതിനായി ചെലവഴിച്ച 4.74 ലക്ഷം രൂപയുടെ ബില്ലുകൾ അനാവശ്യമാണെന്ന് വിലയിരുത്തിയ ഓഡിറ്റ് വിഭാഗം, തുക അംഗീകരിക്കാൻ വിസമ്മതിച്ചു.
ശമ്പള വിതരണത്തിലും ടെൻഡർ നടപടികളിലും വീഴ്ച
കരാർ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളോ സർക്കാർ അനുമതി പത്രങ്ങളോ ഹാജരാക്കാത്തതിനെ തുടർന്ന്, ശമ്പളയിനത്തിൽ ചെലവഴിച്ച 58 ലക്ഷം രൂപയും ഓഡിറ്റ് വിഭാഗം തള്ളി.
ജീവനക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിയമാവലിയിൽ ഉൾപ്പെടുത്തണമെന്നും ഓഡിറ്റ് വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വിവിധ സർക്കാർ ആശുപത്രികളിൽ പേവാർഡ് സൗകര്യങ്ങൾ ഒരുക്കുന്നതിനും ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 40.23 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലും, ഇതിന് മതിയായ രേഖകളില്ല.
ടെൻഡർ നടപടികളോ ക്വട്ടേഷനുകളോ പാലിക്കാതെയാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും ഓഡിറ്റ് കണ്ടെത്തലിൽ പറയുന്നു. ഫയലുകൾ കൃത്യസമയത്ത് ഹാജരാക്കുന്നതിലും അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിലും അധികൃതർ കാണിച്ച വീഴ്ചയാണ് സാമ്പത്തിക ബാധ്യതകൾ അംഗീകരിക്കപ്പെടാതെ പോകാൻ പ്രധാന കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

