ശബരിമലയിലെ അരവണ വിതരണത്തിനായി സ്വന്തമായി ടിൻ നിർമ്മാണ ഫാക്ടറി ആരംഭിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക പദ്ധതി അട്ടിമറിക്കപ്പെട്ടു. പുറത്തുനിന്നുള്ള കമ്പനികൾക്ക് കരാർ നൽകി ടിൻ വാങ്ങുമ്പോൾ ലഭിക്കുന്ന കമ്മീഷൻ തുക നഷ്ടപ്പെടുമെന്ന ആശങ്കയാണ് പദ്ധതിയെ അട്ടിമറിക്കാൻ ഇടനിലക്കാർ മുന്നിട്ടിറങ്ങിയതിന് പിന്നിലെ പ്രധാന കാരണം.
വർഷം തോറും ഏകദേശം 3.5 കോടി ടിൻ ആണ് ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി വേണ്ടിവരുന്നത്. നിലവിൽ പുറത്തുനിന്നുള്ള കമ്പനികൾക്ക് ലേലം നൽകുന്ന രീതിയാണ് തുടരുന്നത്.
മുൻകൂട്ടി ഓർഡറുകൾ നൽകിയിട്ടും പല വർഷങ്ങളിലും ആവശ്യത്തിന് ടിൻ ലഭ്യമാകാതെ അരവണ വിതരണം വലിയ പ്രതിസന്ധിയിലാകാറുണ്ട്. ഈ സ്ഥിതിക്ക് ശാശ്വത പരിഹാരം കാണാനാണ് ദേവസ്വം ബോർഡ് സ്വന്തമായി കണ്ടെയ്നർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
നിലയ്ക്കൽ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാംകാവ്, അമ്പലപ്പുഴ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കും ഇവിടെനിന്ന് ടിൻ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യം. കെ.അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ഇതിനായി തെള്ളിയൂർക്കാവിൽ സ്ഥലം കണ്ടെത്തിയിരുന്നു.
എന്നാൽ, തുടർന്നുവന്ന ഭരണസമിതികൾക്ക് പദ്ധതിയിൽ താൽപര്യം കുറഞ്ഞു. പിന്നീട് പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്ത് ഈ വിഷയം വീണ്ടും ചർച്ചയായെങ്കിലും, പദ്ധതി പരാജയപ്പെടുമെന്നും ലേല നടപടികളാണ് ഉചിതമെന്നും തെറ്റിദ്ധരിപ്പിച്ച് ചിലർ പദ്ധതി തൽക്കാലത്തേക്ക് ഒഴിവാക്കുകയായിരുന്നു.
ഇതേത്തുടർന്ന് ടിൻ എത്തിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് വീണ്ടും കരാർ നൽകി. നിലവിൽ കെ.ജയകുമാർ പ്രസിഡന്റായ പുതിയ ദേവസ്വം ബോർഡ് അധികാരമേറ്റെങ്കിലും ടിൻ പ്ലാന്റ് എന്ന ആശയത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ ചർച്ചകൾ നടന്നിട്ടില്ല.
വരാനിരിക്കുന്ന തീർത്ഥാടന കാലത്തിന് മുന്നോടിയായി ടിൻ ലഭ്യമാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ തീർഥാടന കാലത്ത് 198 കോടി രൂപയുടെ അരവണയാണ് വിറ്റഴിച്ചത്.
സ്വന്തം പ്ലാന്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ പോയതോടെ ഇത്തവണയും ടിൻ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് ദേവസ്വം ബോർഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

