പ്രമുഖ നടൻ സലിം കുമാർ അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പറവൂരിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
ചടങ്ങുകളുടെ അന്തിമ ഘട്ടത്തിൽ മൃതദേഹത്തിന് സമീപം ബന്ധുക്കൾക്ക് പോലും നിൽക്കാൻ കഴിയാത്ത വിധം ഓൺലൈൻ മാധ്യമ പ്രവർത്തകർ തിക്കിത്തിരക്കിയത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് സലിം കുമാറിന്റെ മകൻ ചന്തു രോഷത്തോടെ പ്രതികരിച്ചത്.
തിരക്കിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് പിന്നിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ട ചന്തു, “എന്താടോ, എന്താണ് നിങ്ങൾക്ക് വേണ്ടത്” എന്ന് ചോദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്വകാര്യത മാനിക്കാതെ ഇടപെടുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തിൽ സംവിധായകനും സുഹൃത്തുമായ ലാൽ ജോസ് ശക്തമായ നിലപാട് വ്യക്തമാക്കി.
യുഎഇ-യിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “വ്യക്തിപരമായ സ്പെയ്സ് എന്നത് എല്ലാവർക്കുമുണ്ട്.
ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസെൻസ് വേണം.
നിയമനിർമ്മാണം നടത്തണം. നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു.
എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുകയാണ്. അവരുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിക്കുന്ന ഹൂളിഗൻസ് ആണ് ഇപ്പോൾ ഉള്ളത്” എന്ന് ലാൽ ജോസ് വിമർശിച്ചു.
സലിം കുമാർ അന്തരിച്ചത് ശനിയാഴ്ച രാത്രി 10.43-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് വിടപറഞ്ഞത്.
56 വയസ്സായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്ത പറവൂരിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
മിമിക്രിയിലൂടെ സിനിമയിലെത്തി, പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനായും ഗൗരവകരമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടനായും സലിം കുമാർ മാറിയ ചരിത്രം മലയാള സിനിമയിൽ എന്നും ഓർത്തിരിക്കും.

