തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച തിരുപ്പരൻകുന്ദ്രം ദീപം തെളിയിക്കൽ വിഷയത്തിൽ, നിലവിലെ നടപടിക്രമങ്ങൾ തുടരുമെന്ന ടിവികെ സർക്കാരിന്റെ പ്രഖ്യാപനത്തിന് വ്യാപക പിന്തുണ. നിയമമന്ത്രി സി.ടി.ആർ.
നിർമൽ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയ നിലപാടിനെ സി.പി.ഐയും മനിതനേയ മക്കൾ കക്ഷിയും സ്വാഗതം ചെയ്തു. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ആരെയും അനുവദിക്കില്ലെന്നതാണ് ടിവികെ സ്വീകരിച്ചിരിക്കുന്ന കർശന നിലപാട്.
ഈ തീരുമാനം ശ്ലാഘനീയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാർ തങ്ങളുടെ മതേതര നിലപാടിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗീയ ശക്തികളുടെ സമ്മർദത്തിന് വഴങ്ങരുതെന്ന് മനിതനേയ മക്കൾ കക്ഷിയും മുന്നറിയിപ്പ് നൽകി. ടിവികെ യഥാർത്ഥ മതേതര പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണെന്ന് മന്ത്രി കെ.ജി.അരുൺരാജ് വ്യക്തമാക്കി.
ബി.ജെ.പിയുടെ ബി-ടീം എന്ന നിലയിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.അരുൺരാജ് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചത് ഇപ്രകാരമാണ്: “കഴകങ്ങൾ ഇല്ലാത്ത തമിഴ്നാട് ’ലക്ഷ്യം എന്ന് ബിജെപി പ്രഖ്യാപിച്ചപ്പോൾ ആണ് വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന് പേരിട്ടതെന്നും വൈകാരികമായി പ്രിയപ്പെട്ട
‘ജനനായകൻ’ സിനിമയുടെ റിലീസ് മുടക്കിയിട്ടും വിജയ് ബിജെപിക്ക് വഴങ്ങിയില്ലെന്നും മന്ത്രി പറഞ്ഞു. വാക്കുകളിൽ അല്ല പ്രവൃത്തിയിലൂടെ ആകും ടിവികെ മതേതര നിലപാട് തെളിയിക്കുക എന്നും കെ.ജി.അരുൺരാജ് വ്യക്തമാക്കി.” നേരത്തെ, വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് ടിവികെയെ പ്രതിരോധത്തിലാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ മൗനം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, തങ്ങൾ ഡി.എം.കെ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി സി.ടി.ആർ.
നിർമൽ കുമാർ, മുൻകാലങ്ങളിലെ കീഴ്വഴക്കങ്ങൾ തന്നെ ഇത്തവണയും തുടരുമെന്ന് ഉറപ്പുനൽകി. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവും തുടർന്നുണ്ടായ നിയമനടപടികളും സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു.
തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്തർ ദർഗ്ഗയോട് ചേർന്ന് ദീപം തെളിക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളും സങ്കീർണ്ണതകളും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. ഏതായാലും, വർഗീയ ശക്തികളെ പ്രദേശത്തെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാരുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ടിവികെ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

