ശാരീരിക പരിമിതികളെ തോൽപ്പിച്ച് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്തർ മരിയ ടോമിയെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി നിയമിച്ചു. കട്ടപ്പനയിലെ വസതിയിൽ നേരിട്ടെത്തിയാണ് റോയി കെ.
പൗലോസ് എംഎൽഎയും കട്ടപ്പന ഡിഇഒ ആൻസൻ കെ. ജോസഫും ഈ സുപ്രധാന വിവരം അറിയിച്ചത്.
വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ എസ്തർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. 80 സെന്റീമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള എസ്തർ, തന്റെ കഠിനാധ്വാനത്തിലൂടെയാണ് ഈ വിജയം സാധ്യമാക്കിയത്.
“ഈ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നതിനാലാണ് എസ്തറിനെ എജ്യുക്കേഷനൽ അംബാസഡറാക്കാൻ തീരുമാനിച്ചതെന്ന്” ഡിഇഒ ആൻസൻ കെ. ജോസഫ് വ്യക്തമാക്കി.
വെള്ളയാംകുടി ഇടയാൽ സ്വദേശികളായ ടോമി ജോസഫിന്റെയും (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ), ഫിലോമിന സെബാസ്റ്റ്യന്റെയും (വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ സോഷ്യോളജി അധ്യാപിക) മകളാണ് എസ്തർ.
ഹോർമോൺ വ്യതിയാനം മൂലം ശാരീരിക വളർച്ചയെ ബാധിച്ചതിനാൽ മൂന്നാം ക്ലാസ് വരെ വീട്ടിലിരുന്നാണ് എസ്തർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാലാം ക്ലാസ് മുതൽ വിദ്യാലയത്തിൽ നേരിട്ടെത്തി പഠനം ആരംഭിച്ച എസ്തർ, പത്താം ക്ലാസ് പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

