മലയിടംതുരുത്ത് പര്യത്ത്കാവിലെ ദലിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ രമ്യമായ പരിഹാരത്തിന് വഴിതുറക്കുന്നു.
നിലവിൽ എട്ട് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി നൽകിക്കൊണ്ട് വിഷയം ഒത്തുതീർപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് വീടും ആവശ്യമായ യാത്രാസൗകര്യങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു.
ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇരു വിഭാഗങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷം, തിങ്കളാഴ്ച വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. സമവായ ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ടുപോകുന്നുണ്ടെന്നും, കുടുംബങ്ങളെ അവരുടെ ആവാസസ്ഥലത്ത് നിന്ന് പൂർണ്ണമായും പുറത്താക്കരുത് എന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും സമരസമിതിയെ പ്രതിനിധീകരിച്ചുകൊണ്ട് മുൻ എംഎൽഎ പി.വി.ശ്രീനിജിൻ വ്യക്തമാക്കി.
ചർച്ചയ്ക്ക് ശേഷം മന്ത്രി റോജി എം.ജോൺ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ:
‘‘മുഖ്യമന്ത്രി നിര്ദേശിച്ചതനുസരിച്ച് ഇരു കൂട്ടരുമായും വിഷയം ചർച്ച ചെയ്തു. കോടതി വിധി വളരെ വ്യക്തമാണ്.
അതനുസരിച്ച് മുന്നോട്ടു പോകുമ്പോൾ കുടുംബങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ സർക്കാരിന് പൂർണ ബോധ്യമുണ്ട്. അവരെ പെരുവഴിയിലാക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിട്ടുള്ള കാര്യമാണ്.
അതുകൊണ്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നം രമ്യമായി പരിഹരിക്കണം എന്നു തന്നെയാണ് സർക്കാരിന്റെ ആഗ്രഹം. ചർച്ചയിൽ പുരോഗതിയുണ്ട്.
ചില നിർദേശങ്ങൾ രണ്ടുഭാഗത്തു നിന്നും വന്നിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലുണ്ട്.
തങ്ങൾ താമസിക്കുന്ന സ്ഥലത്തു തന്നെ അവർക്ക് താമസിക്കണം എന്നാണ് അവിടെയുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ കോടതി വിധി അനുകൂലമായിട്ടുള്ള കക്ഷികൾ പറഞ്ഞിട്ടുള്ളത് സമീപത്ത് എവിടെയെങ്കിലും ഇവർക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്നൊരു നിര്ദേശമാണ്.
2 നിർദേശങ്ങളും പരിഗണിച്ച് ചർച്ചയുടെ ഭാഗമായി ശങ്കരൻ നായരുടെ മുമ്പാകെ സർക്കാർ ഒരു നിർദേശം വച്ചിട്ടുണ്ട്. ഈ വസ്തുവിൽ തന്നെ അതിന്റെ ഒരു ഭാഗത്ത് ഈ കുടുംബങ്ങൾക്ക് 5 സെന്റ് സ്ഥലം വീതം ലഭ്യമാക്കണം എന്നാണ് ആ നിർദേശം.
അത് ചർച്ച ചെയ്ത് അറിയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അതുപോലെ അവിടെയുള്ള കുടുംബങ്ങൾക്കു മുമ്പാെകയും ഈ നിർദേശം വച്ചിട്ടുണ്ട്.
ഇങ്ങനെ ലഭ്യമാകുന്ന സ്ഥലത്ത് സർക്കാർ തന്നെ മുൻകൈ എടുത്ത് അവർക്ക് വീട് വച്ചു കൊടുക്കും. ഇരു കൂട്ടരും ചർച്ച ചെയ്ത് അറിയിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്’’ എറണാകുളം കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രിക്ക് പുറമെ, സ്ഥലം എംഎൽഎ വി.പി.സജീന്ദ്രൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക, ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ എന്നിവരും പങ്കെടുത്തു.
കോടതി നടപടികളുമായി ബന്ധപ്പെട്ട് നിലവിൽ ഹൈക്കോടതി ഈ മാസം 16 വരെ സമയം അനുവദിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട
നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ച കണ്ണോത്ത് ശങ്കരൻ നായർ, 58 വർഷം മുമ്പ് തങ്ങളുടെ ഭൂമി കയ്യേറിയെന്നാരോപിച്ച് നൽകിയ കേസാണ് നിലവിലെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് എത്തിയത്. 2023 മുതൽ ഏകദേശം 15 തവണയോളം ഒഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നു.
തുടർച്ചയായുണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

