പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥരായ പാക്കിസ്ഥാൻ 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ കൈമാറിയിട്ടും അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം അയവില്ലാതെ തുടരുന്നു. ഇറാനിലെ ടെഹ്റാനിലും ബുഷെഹറിലും തുടർച്ചയായ 12-ാം രാത്രിയും യുഎസ് വ്യോമാക്രമണം നടത്തി.
സൗദി അറേബ്യയിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെങ്കിലും മറ്റ് അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് യുഎസ് തയ്യാറാണെന്നും എന്നാൽ ഇറാൻ ഈ വിഷയത്തിൽ അനുകൂലമായ ഗൗരവം കാണിക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാൻ ഏതെങ്കിലും കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ, ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂർണ്ണമായി തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ചെങ്കടലിൽ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ കപ്പലുകൾക്ക് നേരെ ഉപരോധം ആരംഭിച്ചു. ഇതേതുടർന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും പുറപ്പെട്ട
സൗദിയുടെ നാല് എണ്ണക്കപ്പലുകൾ തിരികെ സൗദിയിലേക്ക് തന്നെ മടങ്ങി. ബാബുൽ മൻദിബ് കടലിടുക്കിൽ യുദ്ധഭീതി മിസൈലുകളും ഡ്രോണുകളും സജ്ജീകരിച്ചാണ് ഹൂതികൾ നാവിക ഉപരോധം നടപ്പിലാക്കുന്നത്.
ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബുൽ മൻദിബ് കടലിടുക്കിൽ തിങ്കളാഴ്ച മുതലാണ് സൗദി കപ്പലുകൾക്കെതിരായ ഉപരോധം ആരംഭിച്ചത്. ബാബുൽ മൻദിബ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ഹൂതികൾക്കെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിലേക്ക് സൗദിയുടെ യാൻബു തുറമുഖത്തുനിന്നും ആഫ്രിക്കയെ ചുറ്റി കപ്പലുകൾ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടേറിയ സ്ഥിതിയാണ് ഉള്ളത്.
കുതിച്ചുയർന്ന് ക്രൂഡോയിൽ വില യുഎസ്-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതും ചെങ്കടലിലെ ഹൂതി ഉപരോധവും കാരണം ക്രൂഡോയിൽ വില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.95 ശതമാനം വർധിച്ച് 96 ഡോളറിലെത്തി.
യുഎസ് ക്രൂഡ് വിലയായ ഡബ്ല്യുടിഐ ക്രൂഡ് 1.45 ശതമാനം ഉയർന്ന് 88.09 ഡോളറിലുമെത്തി. ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പാദന കുറവും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും എണ്ണവില വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്.
രാജ്യത്തിനാവശ്യമായ എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഈ വിലക്കയറ്റം ഗുരുതരമായി ബാധിക്കും. ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി വിലകൾ വർദ്ധിക്കുന്നതിന് ഇടയാക്കും.
മറുപടിയുമായി ഇറാൻ ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിലെ പ്രതിനിധിയുമായ മുഹമ്മദ് ബാഗിർ ഖാലിബാഫ് വ്യക്തമാക്കി. ‘‘ഇറാനെ എണ്ണ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ, മേഖലയിലെ ഒരു രാജ്യവും എണ്ണ വിൽക്കില്ല.
അതിന് ഇറാൻ സമ്മതിക്കില്ല. ഇറാന്റെ പാലവും അടിസ്ഥാന സൗകര്യ പദ്ധതികളും തകർത്താൽ ഇറാനും തിരിച്ചടിക്കും.
കണ്ണിന് പകരം കണ്ണ്. ഹോർമുസ് ഒരിക്കലും യുദ്ധത്തിന് മുൻപത്തെ സ്ഥിതിയിലേക്ക് മടങ്ങുമെന്ന് ആരും വിചാരിക്കേണ്ട’’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ, ‘‘ഇറാൻ ഇനി ഒരു കപ്പലിനെയെങ്കിലും ആക്രമിച്ചാൽ… അത് എന്തുമായിക്കോട്ടെ ഡ്രോണോ മിസൈലോ റോക്കറ്റോ തോക്കോ… ഇറാനിലെ പാലവും വൈദ്യുതി പ്ലാന്റുകളും യുഎസ് ബോംബിട്ട് തകർക്കും. ടെഹ്റാനിലെയും തകർക്കും’’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി.
സ്വർണവിലയിൽ മുന്നേറ്റം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മികച്ച നേട്ടത്തിലാണ്. ഔൺസിന് 43 ഡോളർ വർധിച്ച് 4115 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളും മുൻപ് വില താഴ്ന്ന ഘട്ടത്തിൽ ഉണ്ടായ വാങ്ങലുകളും യുഎസ് ഡോളർ സൂചിക നേരിടുന്ന മാന്ദ്യവുമാണ് സ്വർണത്തിന് കരുത്തുപകരുന്നത്. കേരളത്തിലും ഇന്ന് സ്വർണവില ഉയരാൻ സാധ്യതയുണ്ട്.
ഓഹരി വിപണിയിൽ ആശങ്ക യുഎസ് പ്രസിഡന്റ് പുതിയ താരിഫ് യുദ്ധത്തിന് തുടക്കമിടുന്നതും അവസാനിക്കാത്ത പശ്ചിമേഷ്യൻ സംഘർഷവും കുതിച്ചുയരുന്ന എണ്ണവിലയും ആഗോള ഓഹരി വിപണികളെ കടുത്ത നിരാശയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നും നഷ്ടത്തിലാണ് വ്യാപാരം ആരംഭിക്കുന്നത്.
സെൻസെക്സും നിഫ്റ്റിയും ഇന്നും ഇടിവോടെയാകും വ്യാപാരം തുടരുക. ഇന്നലെ വിപണി 0.7 മുതൽ 0.9 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിൽ നിന്ന് വീണ്ടും ഓഹരികൾ വിറ്റുമാറുന്നത് തിരിച്ചടിയായിട്ടുണ്ട്.
∙ രൂപയുടെ മൂല്യം ഇന്നലെ ഡോളറിനെതിരെ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.
∙ യുദ്ധാശങ്കകൾക്ക് പുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക് ഓഹരികളിലുണ്ടായ വിൽപന സമ്മർദ്ദം യുഎസ് വിപണികളെയും നഷ്ടത്തിലാക്കി.
∙ യുദ്ധഭീതി നിലനിൽക്കുമ്പോഴും ഏഷ്യൻ വിപണികൾ പൊതുവെ പോസിറ്റീവ് ആയി നിലകൊള്ളുന്നത് ഇന്ത്യൻ വിപണിക്ക് ചെറിയ തോതിലെങ്കിലും ആശ്വാസകരമാണ്.
∙ ജാപ്പനീസ് നിക്കേയ് 0.55%, ദക്ഷിണ കൊറിയൻ കോസ്പി 2.3%, കോസ്ഡാക് 1.42%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.72% എന്നിങ്ങനെ ഉയർച്ച രേഖപ്പെടുത്തി.
∙ ഹോങ്കോങ് സൂചിക 0.57% നേട്ടമുണ്ടാക്കിയപ്പോൾ ചൈനയിൽ ഷാങ്ഹായ് സൂചിക 0.02% ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

