സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴയുടെ തീവ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 6-ാം തീയതി വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രസ്തുത സാഹചര്യത്തിൽ വയനാട്, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
മഴക്കെടുതികൾക്കിടെ സംസ്ഥാനത്ത് ഇന്ന് ദാരുണമായ ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ എസ്.എൻ.പുരം പോഴങ്കാവിൽ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനായ കാരുമാത്ര സ്വദേശി മണികണ്ഠൻ ശാന്തിയാണ് മരിച്ചത്.
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. കൂടാതെ, കാഞ്ഞങ്ങാട് ഒരു സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു.
വിദ്യാർഥികൾ ക്ലാസുകളിൽ പ്രവേശിച്ച സമയത്തായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വയനാട് മേപ്പാടി പഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജൂൺ 6, 7 തീയതികളിൽ മേപ്പാടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു.
ചിന്തവളപ്പിൽ മരം കടപുഴകി വീണ് മൂന്ന് ഓട്ടോറിക്ഷകൾക്ക് കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കടകളിലേക്ക് വെള്ളം കയറി.
മിഠായി തെരുവിൽ ശക്തമായ കാറ്റിൽ കടകളുടെ മേൽക്കൂരകൾ പറന്നുപോയി. ഹൽവ ബസാറിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് സ്കൂട്ടറുകൾ പൂർണമായും തകർന്നു.
അപകടസമയത്ത് ആളുകൾ ആ ഭാഗത്ത് ഇല്ലാതിരുന്നത് വലിയൊരു ആൾനാശം ഒഴിവാക്കി. അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

