വനത്തിനുള്ളിലോ പുറത്തോ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ഏതെങ്കിലും വ്യക്തിക്ക് ജീവഹാനി സംഭവിക്കുകയാണെങ്കിൽ, അതിന്റെ ധാർമ്മിക ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് വനംമന്ത്രി വ്യക്തമാക്കി. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.
ഇതിനായി റവന്യൂ, വനം, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രത്യേക പോർട്ടൽ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജൂൺ 15 മുതൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതിക്ക് തുടക്കമാകും.
ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ജനവാസമേഖലകളിൽ കാട്ടുപന്നികളുടെ കണക്കെടുപ്പ് നടത്തും. നിലവിൽ സംസ്ഥാനത്ത് 2000 കിലോമീറ്ററോളം സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത് 100 ദിവസത്തിനുള്ളിൽ 2500 കിലോമീറ്ററായും, ഈ വർഷം അവസാനത്തോടെ 3000 കിലോമീറ്ററായും ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സോളാർ വേലികളുടെ വോൾട്ടേജ് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോം നിലവിൽ വരും.
പൊതുജനങ്ങൾക്കും ഇതിന്റെ പ്രവർത്തനം പരിശോധിക്കുന്നതിനായി നിയന്ത്രിത അനുമതി ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പരാമർശിച്ച മന്ത്രി, “ഒരു കടുവയ്ക്ക് 20 സ്ക്വയർ കിലോമീറ്റർ ടെറിട്ടറി വേണ്ട
സ്ഥാനത്ത്, നാല് സ്ക്വയർ കിലോമീറ്റർ ടെറിട്ടറി മാത്രമാണ് ഇപ്പോഴുള്ളത്. ഇതാണ് അവിടെ കടുവ ശല്യം ഇത്രത്തോളം കൂടാന് കാരണമെന്നും” വിശദീകരിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വയനാട്, മൂന്നാർ, കോതമംഗലം എന്നീ മേഖലകൾക്കായി പ്രത്യേക പാക്കേജുകൾ ആവിഷ്കരിക്കും. കൂടാതെ, വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തത്സമയ മുന്നറിയിപ്പ് സംവിധാനവും, റിയൽ ടൈം മോണിറ്ററിംഗ് സംവിധാനവും എല്ലാ വനം ഡിവിഷനുകളിലും നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

