നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജൂൺ 6-ന് നടത്തുന്ന പ്രതിഷേധ പരിപാടിക്കായി അഭിജീത് ദിപ്കെ ദില്ലിയിൽ എത്തുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പ്രവർത്തകർ എത്തേണ്ടതില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനായ അദ്ദേഹം അഭ്യർത്ഥിച്ചു.
തുടക്കത്തിൽ താൻ ദില്ലിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ എത്തണമെന്ന് അനുയായികളോട് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ലഭിച്ച വൻ ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകളെക്കാൾ വലുതാണെന്ന് പാർട്ടി ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
വിമാനത്താവളത്തിൽ അമിതമായി ആളുകൾ തടിച്ചുകൂടുന്നത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും യാത്രക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും സുഗമമായ സഞ്ചാരത്തെയും ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. അതിനാൽ പ്രവർത്തകർ ആരും തന്നെ എയർപോർട്ടിലേക്ക് വരരുതെന്ന് പാർട്ടി കർശന നിർദ്ദേശം നൽകി.
വിമാനമിറങ്ങിയ ശേഷം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ദിപ്കെ നേരിട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനായുള്ള അനുമതി വാങ്ങുന്നതിനാണ് ഇത്.
സമാധാനപരമായ പ്രതിഷേധം ഉറപ്പാക്കണമെന്നും നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളും ഉണ്ടാകരുതെന്നും അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി. പ്രക്ഷോഭത്തെ തകർക്കാൻ പലരും ശ്രമിക്കുമെന്നും അതിന് അവസരം നൽകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകുമോ എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും അധികൃതരിൽ നിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി സിജെപി വക്താവ് വ്യക്തമാക്കി.
പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്, നടൻ പ്രകാശ് രാജ് എന്നിവർ സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

