പൊതുസേവനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മുതിർന്ന പൗരന് ഭരണപരമായ വീഴ്ച മൂലം നേരിടേണ്ടി വന്ന ദുരിതത്തിൽ രൂക്ഷവിമർശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വളരെ ലളിതമായ നടപടികളിലൂടെ പരിഹരിക്കാവുന്ന വിഷയത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയും കാലതാമസവും പരാതിക്കാരനെ കടുത്ത മാനസിക പ്രയാസത്തിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും തള്ളിവിട്ടുവെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് വിലയിരുത്തി.
കോഴിക്കോട് സിറ്റിയിൽ നിന്ന് 2010-ൽ എസ്.ഐ ആയി വിരമിച്ച എ.രാമചന്ദ്രൻ നൽകിയ പരാതിയിലാണ് കമ്മിഷന്റെ സുപ്രധാന ഉത്തരവ്. ബാങ്ക് വഴി പെൻഷൻ കൈപ്പറ്റിയിരുന്ന കാലയളവിൽ മെഡിസെപ് വിഹിതം കൃത്യമായി അടച്ചിരുന്നുവെന്നും, എന്നാൽ 2023 ജനുവരി മുതൽ ട്രഷറി വഴി പെൻഷൻ ലഭിച്ചു തുടങ്ങിയപ്പോൾ പഴയ പ്രീമിയമായ 3000 രൂപ വീണ്ടും ഈടാക്കിയെന്നുമാണ് പരാതി.
ഈ വിഷയം പരിശോധിച്ച കോഴിക്കോട് സബ്ട്രഷറി ഓഫിസർ, പ്രീമിയം തുക തെറ്റായാണ് ഈടാക്കിയതെന്ന് കമ്മിഷനെ അറിയിച്ചു. ഈ തുക തിരികെ ലഭിക്കുന്നതിനായി ധനകാര്യ വകുപ്പിലെ മെഡിസെപ് സെല്ലിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, മൂന്ന് വർഷമായി തുക തിരികെ ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിക്കാരന്റെ വാദം അതീവ ഗൗരവകരമായാണ് കമ്മിഷൻ കാണുന്നത്. പെൻഷൻ വാങ്ങുന്ന രീതി മാറിയപ്പോൾ രേഖകൾ കൃത്യമായി പരിശോധിക്കാതിരുന്നതാണ് ആറുമാസത്തെ മെഡിസെപ് പ്രീമിയം രണ്ടുതവണ ഈടാക്കാൻ കാരണമായതെന്ന് കെ.ബൈജുനാഥ് ചൂണ്ടിക്കാട്ടി.
ഒരു മുതിർന്ന പൗരൻ ഇത്രയധികം അലയേണ്ടി വന്നത് തികച്ചും ഖേദകരമാണ്. അധികമായി ഈടാക്കിയ തുക അടിയന്തരമായി തിരികെ നൽകാൻ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെൽ അഡീഷനൽ സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

