ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രാജ്യത്തിന്റെ ആണവായുധ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിർദേശം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ആണവായുധ ശേഖരം കൂടുതൽ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശത്തിൽ ഊന്നിപ്പറഞ്ഞു. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) വഴിയാണ് ഈ വിവരം പുറത്തുവന്നത്.
പുതിയതായി പ്രവർത്തനം ആരംഭിച്ച ആണവ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സുരക്ഷാ ഭീഷണികൾ അടക്കമുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നടപടിയിലേക്ക് രാജ്യം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണ ഫാക്ടറിയെന്ന് കരുതുന്ന കേന്ദ്രത്തിൽ കിം ജോങ് ഉൻ സന്ദർശനം നടത്തുന്ന ചിത്രങ്ങളും കെസിഎൻഎ പുറത്തുവിട്ടിട്ടുണ്ട്. ഇത് യോങ്ബ്യോണിൽ നിർമ്മിച്ച പുതിയ കേന്ദ്രമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഈ റിപ്പോർട്ടുകൾ ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. സിയോളിൽ നടന്ന വാർത്താസമ്മേളനത്തിൽ ദക്ഷിണ കൊറിയൻ സൈന്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വരും ആഴ്ചകളിൽ പ്യോങ്യാങ് സന്ദർശിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
2019 ലാണ് അദ്ദേഹം അവസാനമായി ഉത്തര കൊറിയ സന്ദർശിച്ചത്. നേരത്തെ, ഈ വർഷം ആദ്യം അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി, ഉത്തര കൊറിയ ആണവായുധ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

