സാധാരണ ശമ്പളക്കാരായ ജീവനക്കാർ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് മാസാവസാനമാകുമ്പോഴേക്കും കൈയിലുള്ള പണം തീർന്നുപോകുന്നത് എന്നത്. നിത്യനിദാനച്ചെലവുകൾക്ക് പുറമെ ഇഎംഐ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ കൂടി ചേരുമ്പോൾ ശമ്പളം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പലരും സാമ്പത്തിക സമ്മർദ്ദത്തിലാകുന്നു.
ഈ വിഷയത്തിൽ നിർണ്ണായക അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാദി ഡോട്ട് കോം സ്ഥാപകനും ഷാർക് ടാങ്ക് ജഡ്ജിയുമായ അനുപം മിത്തൽ. നിലവിൽ ഇന്ത്യയിൽ മിക്ക കമ്പനികളും പിന്തുടരുന്ന ശമ്പള വിതരണ രീതിയിൽ മാറ്റം വേണമെന്നാണ് അനുപം മിത്തൽ മുന്നോട്ടുവെക്കുന്ന നിർദ്ദേശം.
മാസം തോറും ശമ്പളം നൽകുന്നതിന് പകരം, മാസത്തിൽ രണ്ട് തവണയായി ശമ്പളം നൽകുന്ന രീതി നടപ്പിലാക്കുന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അനുപം മിത്തൽ ഉയർത്തിയ ചോദ്യം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
“എപ്പോഴാണ് നിങ്ങൾക്ക് ശമ്പളം ലഭിക്കേണ്ടത്?” എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിച്ചത്. നിലവിൽ പല സ്ഥാപനങ്ങളും ഒന്നാം തീയതിയിലോ ഏഴാം തീയതിയിലോ ആണ് ശമ്പളം നൽകുന്നത്.
അവധി ദിവസങ്ങൾ വന്നാൽ ഈ തീയതികളിലും മാറ്റം വരുന്നു. ഈ കാലതാമസം കാരണം പല ജീവനക്കാർക്കും വാടക നൽകാൻ വൈകുന്നതും, ഇഎംഐ മുടങ്ങുന്നതും, അടിയന്തര ആവശ്യങ്ങൾക്കായി കടം വാങ്ങേണ്ടി വരുന്നതും സാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ കമ്പനിയിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ രീതിയിൽ മാറ്റം വരുത്തിയതായി അനുപം മിത്തൽ വെളിപ്പെടുത്തി. അടുത്ത മാസത്തേക്ക് നീട്ടിവെക്കാതെ, അതാത് മാസം അവസാനം ശമ്പളം വിതരണം ചെയ്യുന്ന രീതിയിലേക്ക് അവർ മാറി.
കമ്പനികൾക്ക് ഇതൊരു ചെറിയ അക്കൗണ്ടിങ് ക്രമീകരണം മാത്രമാണെങ്കിലും, ജീവനക്കാർക്ക് ഇത് വലിയ സാമ്പത്തിക ഭദ്രത നൽകുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ തുടരുന്ന ഈ ശമ്പള വിതരണ സമ്പ്രദായം മാറ്റണമെന്നും, മാസത്തിൽ പതിനഞ്ചാം തീയതിയും മുപ്പതാം തീയതിയും ശമ്പളം നൽകുന്ന രീതിയിലേക്ക് മാറണമെന്നുമാണ് അനുപം മിത്തൽ ആഹ്വാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

