കൊച്ചി കലൂരിൽ മത്സരപ്പരീക്ഷാ പരിശീലനത്തിനായി താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവതികൾക്ക് നേരെ ക്രൂരമായ ആക്രമണം. പുലർച്ചെ 4.30-ഓടെ സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്.
സംഘത്തിലുണ്ടായിരുന്നവർ അശ്ലീല ചേഷ്ടകൾ കാണിക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തതോടെ യുവതികൾ ഇതിനെ ചോദ്യം ചെയ്തു. ദേഹത്ത് കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ യുവതികൾ ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.
പ്രകോപിതരായ അക്രമികൾ യുവതികളുടെ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞുപൊട്ടിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. ഇതിനുശേഷം സംഘത്തിലെ ഒരാൾ യുവതികളുടെ വസ്ത്രം വലിച്ചുകീറുകയും, തള്ളിയിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവത്തിൽ പരുക്കേറ്റ യുവതികൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തി ചികിത്സ തേടിയത്. കടയുടെ സമീപമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 11 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പിടിയിലായവരിൽ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവർ ഉൾപ്പെടുന്നു. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ള അക്ബർ എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരുമായി ബന്ധമുണ്ടെന്നും, ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, പരാതി നൽകാനെത്തിയ യുവതികളോട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
യുവതികളുടെ വസ്ത്രധാരണത്തെക്കുറിച്ചും പുലർച്ചെ പുറത്തിറങ്ങിയതിനെക്കുറിച്ചും ഉദ്യോഗസ്ഥൻ അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചതായാണ് പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് ഡിസിപി ഷഹൻഷാ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

