തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിന്റെ (61) കാലിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്.
കഴിഞ്ഞ മാസം 28-ന് രാവിലെ പാരിപ്പള്ളി–മടത്തറ റോഡിൽ ജവാഹർ ജംക്ഷനു സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രപ്രസാദിനെ ആദ്യം പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തി കാലിൽ കമ്പികൾ ഇട്ടശേഷം ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അഞ്ചു ദിവസത്തെ ഐസിയു ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജേന്ദ്രപ്രസാദിനെ 20-ാം വാർഡിലേക്ക് മാറ്റിയത്. വാർഡിൽ കഴിയുന്നതിനിടെ കാലിൽ ഉറുമ്പ് കടിക്കുന്നതായും അസഹ്യമായ വേദന അനുഭവപ്പെടുന്നതായും ഇദ്ദേഹം ബന്ധുക്കളോട് പറഞ്ഞിരുന്നു.
പരിശോധനയ്ക്കിടെയാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്തുനിന്ന് പുഴുക്കൾ ബെഡിലേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബന്ധുക്കൾ ഇക്കാര്യം വാർഡിലെ ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായതായി ആക്ഷേപമുണ്ട്.
സംഭവത്തെത്തുടർന്ന് രാജേന്ദ്രപ്രസാദിന്റെ മകൻ ആശുപത്രിയിലെത്തി പ്രതിഷേധിച്ചതോടെയാണ് മുറിവ് വൃത്തിയാക്കുന്നതിനായി രോഗിയെ തിയറ്ററിലേക്ക് മാറ്റിയത്. ഡ്രസിംഗിന് ശേഷം നിലവിൽ അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും, പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകൾക്കായി അദ്ദേഹം ആശുപത്രിയിൽ തുടരുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.
അന്വേഷണത്തിന് മൂന്നംഗ സമിതി
സംഭവം വിവാദമായതിനെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലും സർജറി, ഓർത്തോ വിഭാഗം മേധാവികളും ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക.
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദേശിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനുപുറമെ, മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്നു വീണ കൊല്ലം പടപ്പക്കര സ്വദേശി പി.വിൽഫ്രഡിന്റെ മരണത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

