തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനിയിലെ മാനേജരുടെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന വിശാൽ (26) എന്ന ഹരിയാന സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ താമസസ്ഥലത്തുനിന്നും നട്ടുവളർത്തിയ നിലയിൽ 70 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ശ്രീകാര്യം പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
ഫ്ലാറ്റിൽനിന്ന് 19 ഗ്രാം ഉണങ്ങിയ കഞ്ചാവും പോലീസ് കണ്ടെടുത്തു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സ്വന്തം ആവശ്യങ്ങൾക്കായി മാത്രമാണ് കഞ്ചാവ് കൃഷി ചെയ്തതെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. ഉപയോഗശേഷം ലഭിക്കുന്ന വിത്തുകൾ ചെടിച്ചട്ടികളിലും മുട്ട
കൊണ്ടുവരുന്ന പേപ്പർ ട്രേകളിലും പ്ലാസ്റ്റിക് കപ്പുകളിലുമായാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. ഇലകൾ അരച്ച് ചമ്മന്തിയായും പാലിൽ കലർത്തിയും ഉപയോഗിക്കാറുണ്ടെന്ന് പ്രതി സമ്മതിച്ചു.
ഫ്ലാറ്റിന്റെ 17-ാം നിലയിൽ ഒറ്റയ്ക്കായിരുന്നു വിശാലിന്റെ താമസം. പരിശോധനയിൽ വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള ചെടികൾ കണ്ടെത്തി.
ഇതിൽ ഏറ്റവും വലിയ ചെടിക്ക് 30 സെന്റിമീറ്ററോളം ഉയരമുണ്ടായിരുന്നു. ലഹരിവസ്തുക്കൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും, പാകമെത്തിയവ അല്ലാതെ മറ്റുള്ളവ നശിപ്പിക്കാറാണ് പതിവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

