ആഗോളതലത്തിൽ ആരോഗ്യരംഗത്തെ പ്രതിസന്ധികൾ തുടരുന്നതിനിടെ, ഇന്ത്യയിൽ നഴ്സുമാരുടെ എണ്ണത്തിലുള്ള കുറവ് ആശങ്കയുയർത്തുന്നു. ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട
കണക്കുകൾ പ്രകാരം ലോകത്ത് 1000 പേർക്ക് 3 നഴ്സുമാർ എന്ന തോതിലാണുള്ളത്. എന്നാൽ ഇന്ത്യയിലെ സ്ഥിതി ഇതിലും പരിതാപകരമാണ്.
1000 പേർക്ക് ശരാശരി 2 നഴ്സുമാർ മാത്രമാണുള്ളതെന്ന് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ (എഎൻഇഐ) വ്യക്തമാക്കുന്നു. പ്രതിസന്ധിയുടെ കാരണങ്ങൾ
രാജ്യത്ത് നഴ്സുമാരുടെ ദൗർലഭ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുറഞ്ഞ വേതനമാണ്.
മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള നഴ്സുമാർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടക്കത്തിൽ 20,000 മുതൽ 40,000 രൂപ വരെ ശമ്പളം ലഭിക്കുമ്പോൾ, വിദേശരാജ്യങ്ങളിൽ ഇത് വലിയ തുകയാണ് വാഗ്ദാനം ചെയ്യുന്നത്.
വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യതകൾ
യുഎഇ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നഴ്സുമാർക്ക് രണ്ടര ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത്. നഴ്സുമാരുടെ ക്ഷാമം രൂക്ഷമായ സ്വിറ്റ്സർലൻഡ് 1.23 ലക്ഷം ഡോളർ (ഏകദേശം 11 ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനുപുറമെ ലക്സംബർഗ്, ഡെന്മാർക്ക്, ഓസ്ട്രേലിയ, നോർവേ, കാനഡ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ നഴ്സുമാർക്ക് വലിയ അവസരങ്ങളാണ് ഒരുക്കുന്നത്. ജർമനി ഇന്ത്യൻ പ്രഫഷണലുകൾക്കായി തൊഴിൽ വീസയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
യുഎസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളും നഴ്സുമാരെ ആകർഷിക്കാൻ വിവിധ ആനുകൂല്യങ്ങളും ഭാഷാപരമായ ഇളവുകളും പ്രഖ്യാപിക്കുന്നുണ്ട്.
ഇന്ത്യൻ നഴ്സുമാരുടെ പ്രവൃത്തിപരിചയവും ഭാഷാപ്രാവീണ്യവുമാണ് വിദേശ രാജ്യങ്ങളെ ആകർഷിക്കുന്നത്. അതേസമയം, ഇറ്റലിയിൽ ഫിലിപ്പീൻസ് നഴ്സുമാരിൽ നിന്ന് ഇന്ത്യൻ നഴ്സുമാർക്ക് കടുത്ത മത്സരം നേരിടേണ്ടി വരുന്നുണ്ട്.
അടുത്തിടെ ഇറ്റലിയും ഫിലിപ്പീൻസും നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി പ്രത്യേക ധാരണയിലെത്തിയിരുന്നു. പരിഹാരമാർഗങ്ങൾ
നഴ്സുമാരുടെ പലായനം തടയുന്നതിനായി ശമ്പളഘടനയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും മെച്ചപ്പെട്ട
തൊഴിൽ പരിശീലനം ഉറപ്പാക്കണമെന്നും അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ ആവശ്യപ്പെടുന്നു. നഴ്സുമാരെ ഇന്ത്യയിൽ തന്നെ നിലനിർത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

