പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ – ഓതറ തേവരുമുറിയിൽ കുടുംബത്തിൽ നിന്ന് 111 വർഷം പഴക്കമുള്ള അപൂർവമായ എസ്എസ്എൽസി (സിക്സ്ത് ഫോം) സർട്ടിഫിക്കറ്റ് കണ്ടെടുത്തു. ദീർഘകാലമായി തുറക്കാതെ സൂക്ഷിച്ചിരുന്ന തടിപ്പെട്ടിയിൽ നിന്നാണ് ഈ ചരിത്രരേഖ പുറത്തുവന്നത്.
കുടുംബാംഗങ്ങളായ തോമസ്കുട്ടി തേവരുമുറിയും സഹോദരൻ റെജി മാത്യുവും ചേർന്ന് പെട്ടി പരിശോധിച്ചപ്പോഴാണ് മാത്തു കോരയുടെ പഠനകാലത്തെ ഈ സ്മരണിക ലഭിച്ചത്. തിരുവിതാംകൂർ കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നതാണ് ഈ രേഖ.
അക്കാലത്ത് അതീവ ദുഷ്കരമായിരുന്ന പത്താംക്ലാസ് പരീക്ഷയിൽ ഭാഷ, അരിത്മെറ്റിക് ആൻഡ് മെൻഷുറേഷൻ, ജ്യോഗ്രഫി, ചരിത്രം, ഡ്രോയിങ് എന്നിവയ്ക്കൊപ്പം കൃഷി ശാസ്ത്രം, ആരോഗ്യ രക്ഷ എന്നീ വിഷയങ്ങളും അദ്ദേഹം പഠിച്ചിരുന്നു. പ്രധാനാധ്യാപകൻ സ്റ്റീൽ പെന്നുകൊണ്ട് രേഖപ്പെടുത്തിയ കുറിപ്പിൽ, ‘ഹാജരു വിഷയത്തിൽ ക്രമവും കണിശവുമുണ്ട്.
വിഷയജ്ഞാനം സാമാന്യം തരക്കേടില്ല. സ്വഭാവം നന്ന്’ എന്ന് മാത്തു കോരയെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.
ഈ സർട്ടിഫിക്കറ്റിന്റെ പ്രത്യേകതകളിൽ പ്രധാനപ്പെട്ടത് ആദ്യ പേജിൽ പതിപ്പിച്ചിട്ടുള്ള ഇടതു കൈയുടെ അഞ്ച് വിരലടയാളങ്ങളാണ്. 5 മുതൽ 8 വരെ ക്ലാസുകളിലെ മാർക്കുകൾ മലയാളം അക്കങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1984-ൽ അന്തരിച്ച മാത്തു കോര, പത്താംക്ലാസ് പാസായ ശേഷം തടിയൂർ സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അദ്ദേഹം കൃഷിയിലേക്ക് തിരിഞ്ഞു.
പാരമ്പര്യമായി കൈമാറിക്കിട്ടിയ വസ്തുക്കൾ സൂക്ഷിക്കുന്ന ശീലമാണ് ഈ ചരിത്രരേഖ വീണ്ടെടുക്കാൻ സഹായിച്ചതെന്ന് ക്നാനായ സമുദായ മാനേജിങ് കമ്മിറ്റി അംഗവും നിലയ്ക്കൽ ട്രസ്റ്റ് അംഗവുമായ തോമസ്കുട്ടി തേവരുമുറി വ്യക്തമാക്കി. തടിപ്പെട്ടിക്കുള്ളിൽ നിന്ന് എസ്എസ്എൽസി ബുക്കിന് പുറമെ പഴയ കാലത്തെ നാണയങ്ങളും ആധാരങ്ങളും ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

