എറണാകുളം റേഞ്ച് ഐജിയോട് ഹൈക്കോടതി ഔദ്യോഗികമായി വിശദീകരണം തേടി. ഡിവൈഎസ്പി മധു ബാബുവിനെതിരെ ചലച്ചിത്ര നിർമാതാവായ ഷീല കുര്യൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ.
കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസിന്റെ നിർദേശം. തന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഡിവൈഎസ്പി മധു ബാബു തന്നെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഷീല കുര്യൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ അന്ന് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, അത് നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ കോടതിയലക്ഷ്യ ഹർജിയുമായി ഇവർ വീണ്ടും കോടതിയിലെത്തിയത്. 2021-ൽ ആലപ്പുഴ സ്വദേശിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷീല കുര്യൻ പരാതി നൽകിയത്.
ഈ പരാതിയിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിർമാതാവ് ഉന്നയിക്കുന്നത്. കോടതിയുടെ അന്തിമ നിർദേശം ലംഘിക്കപ്പെട്ടുവെന്ന പരാതിയിൽ പോലീസ് അധികൃതർ നൽകുന്ന മറുപടി നിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

