എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ച സംഭവത്തിൽ നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസിന് നിർദേശം ലഭിച്ചു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായ മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കുമെതിരെ വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് ഉത്തരവ്.
സിനിമ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്, കൂടാതെ വാട്സാപ്പ്, മെറ്റ എന്നീ കമ്പനികളെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ചിത്രത്തിൽ ഫോൺ നമ്പർ തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ഉടമയ്ക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
ഇതേത്തുടർന്നാണ് പരാതിക്കാരൻ നിയമനടപടികളുമായി മുന്നോട്ടുപോയത്. ചിത്രീകരണ വേളയിൽ ഡമ്മി നമ്പറുകൾ ഉപയോഗിക്കുന്നതിന് പകരം യഥാർത്ഥ നമ്പർ ഉൾപ്പെടുത്തിയത് തന്റെ സ്വകാര്യതയെ ഗുരുതരമായി ബാധിച്ചുവെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
നമ്പർ ഉപയോഗിക്കുന്നതിന് മുൻകൂട്ടിയുള്ള സമ്മതം വാങ്ങിയിരുന്നില്ലെന്നും ഇത് ഐടി നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. അണിയറ പ്രവർത്തകരുടെ ഈ അനാസ്ഥ തന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

