സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർ മൂല്യനിർണയത്തിനായുള്ള ഓൺലൈൻ പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഇന്ന് രാവിലെയോടെ വെബ്സൈറ്റ് പൂർണമായും പ്രവർത്തനക്ഷമമായതായി അധികൃതർ അറിയിച്ചു.
ഇതോടെ വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഈ മാസം ആറാം തീയതി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
കഴിഞ്ഞദിവസം വെബ്സൈറ്റിലുണ്ടായ സാങ്കേതിക തടസ്സം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെ, സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും വെബ്സൈറ്റ് സുരക്ഷയിലെയും പിഴവുകൾ സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായെന്നും വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും ആക്ടിവിസ്റ്റുകൾ ആരോപിച്ചു. ഡാറ്റാബേസ് സുരക്ഷിതമല്ലെന്നും പുറത്തുനിന്നുള്ളവർക്ക് വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുമെന്നും എത്തിക്കൽ ഹാക്കർമാർ മുന്നറിയിപ്പ് നൽകി.
ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നേരത്തെ, നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് പാർലമെന്ററി സമിതി മൊഴികൾ രേഖപ്പെടുത്തിയിരുന്നു.
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ തലത്തിലും ഐഐടിയിൽ നിന്നുമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഊർജിത ശ്രമങ്ങൾ നടന്നിരുന്നു. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കുറ്റമറ്റ രീതിയിൽ പോർട്ടൽ പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

